മുണ്ടക്കയം : കാട്ടുപന്നിയുടെ ആക്രമണത്തിൽ വരിക്കാനി പുളിമൂട്ടിൽതെക്കേതിൽ പരേതനായ ശിവന്റെ മകൻ പ്രദീപ് (37) ന് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 7.30 ന് വീട്ടുമുറ്റത്ത് മുഖം വൃത്തിയാക്കുന്നതിനിടയിൽ പിന്നിലൂടെ വന്ന കാട്ടു പന്നി പ്രദീപിനെ ആക്രമിക്കുകയായിരുന്നു. കാലിനും, കൈക്കും പുറത്തുമാണ് കുത്തേറ്റത്. നൂറുകണക്കിന് വീടുകളുളള പ്രദേശത്ത് കൂടിയാണ് പന്നി ഓടി മറഞ്ഞത്. പ്രദീപിന്റെ മാതാവ് ശാന്തകുമാരി നിലവിളി കേട്ടു പുറത്തേക്ക് വന്നെങ്കിലും പന്നിയെ കണ്ടതോടെ മുറിക്കകത്തേക്ക് കയറി. മുപ്പത്തിയഞ്ചാംമൈൽ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്രദീപിനെ കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.