malinnam

മുണ്ടക്കയം മേഖലയിൽ വൻതോതിൽ മാലിന്യം തള്ളുന്നു

മുണ്ടക്കയം: നാടിന്റെ ജീവനാഡിയാണ്... പറഞ്ഞിട്ടെന്ത് കാര്യം. വെറും കുപ്പത്തൊട്ടിയാകാനാണ് മണിമലയാറിന്റെ വിധി. മുണ്ടക്കയം പുത്തൻചന്ത മൈതാനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ മണിമലയാറ്റിലേക്ക് വ്യാപകമായി മാലിന്യം തള്ളുകയാണ്. വേനലിൽ വറ്റിവരണ്ട മണിമലയാറിന്റെ വശങ്ങളിൽ കുന്നോളം മാലിന്യമുണ്ട്. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിയതോതിൽ കൂട്ടിയിട്ടിരിക്കുകയാണ്. മഴ കനക്കുന്നതോടെ മാലിന്യങ്ങൾ കുത്തിയൊഴുകി സമീപത്തെ ചെക്ക് ഡാമിലടിയും. ഈ ചെക്ക്ഡാമിൽ നിന്നുമാണ് ജലവിതരണ വകുപ്പ് കുടിവെള്ളം മുണ്ടക്കയം പ്രദേശത്ത് പമ്പ് ചെയ്യുന്നത്. മാലിന്യം ചെക്ക് ഡാമിലെത്തിയാൽ പ്രദേശത്ത് പകർച്ചവ്യാധി സാധ്യത ഏറെയാണ്. അതേസമയം മണിമലയാറിനെ സംരക്ഷിക്കാൻ പുതിയ പദ്ധതികളും, ശുചീകരണം ഉൾപ്പെടെയുള്ള കർമ്മപരിപാടികൾ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമല്ലെന്ന ആരോപണം ശക്തമാണ്.

ശുചീകരണം, പിന്നാലെ മാലിന്യം

നിരവധി തവണ വിവിധ സംഘടനകളുടെയും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പ്രദേശത്ത് ശുചീകരണം നടത്തി മാലിന്യം നീക്കം ചെയ്തിരുന്നെങ്കിലും ഒന്നും ഫലപ്രദമായില്ല. ഈ മേഖലയിൽ മാലിന്യം തള്ളുന്നത് തടയാനായി കമ്പിവല ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.