അടിമാലി: രാത്രി ഒൻപത്മണിക്ക് ശേഷം തീയേറ്റർ പ്രവർത്തിക്കരുതെന്ന നിർദേശം തീയറ്റർ ഉടമകൾക്ക് ഇരുട്ടടിയായി . പത്ത്മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്റർ മേഖല ഉണർന്ന് വരുമ്പോഴാണ് കൊവിഡിന്റെ രണ്ടാംവരവ് വില്ലനായത്. കൊവിഡ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചതിനെത്തുടർന്ന് രാത്രി മണിക്ക് ശേഷം തുറക്കാൻ പാടില്ല എന്ന നിബന്ധന പ്രകാരം സിനിമാ തിയേറ്ററുകളിലെ സെക്കന്റ് ഷോ നടത്തികൊണ്ടു പോകാൻ പറ്റാത്ത സാഹചര്യമാണ്.നിലവിൽ ഉള്ള സീറ്റിന്റെ പകുതി മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.കുടുംബ പ്രേക്ഷകർ ഏറ്റവും കൂടുതൽ എത്തി ചേരുന്നത് സെക്കന്റ് ഷോകളിൽ ആയിരുന്നു
അതു പോലെ തന്നെ പുതിയ സിനിമകൾ റിലീസിംഗും അടുത്ത നാളുകളിലാണ് ആരംഭിച്ചത്.ഓൺലൈനായുള്ള ഒ. ടി. ടി റിലീസുകൾ വർദ്ധിക്കുന്നത് തീയറ്റർ വ്യവസായത്തിന് വെല്ലുവിളി ഉയർത്തുന്ന അവസരത്തിൽ പുതിയ നിയന്ത്രണങ്ങൾ ഈ മേഖലയിൽ ദുരവ്യാപകമായ പ്രത്യാഖ്യാതങ്ങളാണ് വരുത്തുന്നത്.
കളക്ഷൻ ഇടിഞ്ഞു
ജനുവരിയിൽ പ്രവർത്തനം പുനരാരംഭിച്ച തീയറ്ററുകളിൽ പകുതി സിറ്റിംഗ് കപ്പാസിറ്റിയിൽ ഭേദപ്പെട്ട കളക്ഷൻ ലഭിച്ചിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ പൊടുന്നനെ വർദ്ധനവുണ്ടായതോടെ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയായി മോശം കളക്ഷനാണ് ലഭിക്കുന്നതെന്ന് തീയറ്റർ രംഗത്തുള്ളവർ പറയുന്നു. ഒട്ടേറെ പേർക്ക് ഉപജീവനത്തിന് വകനൽകുന്ന ഒരു മേഖലയെ പിടിച്ച് നിർത്താൻ ഉത്തേജക പാക്കേജുകൾ അടക്കമുള്ളവ അനിവാര്യമായിരിക്കുകയാണ്.