അടിമാലി: മാങ്കുളം വിരിപാറയിലെ പ്രകൃതി പഠന പരിശീലന കേന്ദ്രം നാശത്തിന്റെ വക്കിൽ.ഒരു പതിറ്റാണ്ട് മുൻപ് വനംവകുപ്പ് മാങ്കുളം ഡിവിഷൻ കല്ലാർ മാങ്കുളം റോഡിനോരത്ത് വിരിപാറയിലായിരുന്നു പ്രകൃതി പഠന പരിശീലന കേന്ദ്രം നിർമ്മിച്ചത്. ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ കെട്ടിടം നാശത്തിന്റെ വക്കിലാണ്.തുടക്കത്തിൽ പഠന ക്ലാസ്, സെമിനാർ,വനംവകുപ്പ് ജീവനക്കാർക്കുവേണ്ടിയുള്ള പരിശീലനം എന്നിവയൊക്കെ ഇവിടെ നടന്നിരുന്നു.പിന്നീട് പ്രവർത്തനം മന്ദഗതിയിലായതോടെ കേന്ദ്രം ആളനക്കമില്ലാതെയായി മാറി.ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം ഇപ്പോൾ കാടുകയറി മൂടുന്ന അവസ്ഥയിലാണ്.വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയി വിശ്വമായിരുന്നു നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.നാളുകൾക്ക് മുമ്പ് കെട്ടിടത്തിന് ചുറ്റുമുള്ള മുൾപടർപ്പുകൾ വെട്ടി നീക്കുകയും കെട്ടിടത്തിന് ചുറ്റും വേലി നിർമ്മിക്കുകയും ചില അറ്റകുറ്റപ്പണികൾ നടത്തുകയുമൊക്കെ ചെയ്തിരുന്നു.പിന്നീട് ബന്ധപ്പെട്ടവർ തിരിഞ്ഞ് നോക്കാതായതോടെ കാര്യങ്ങൾ വീണ്ടും പഴയ പടിയിലേക്കെത്തുകയായിരുന്നു.