ടി.വി പുരം: ടി.വി പുരം പഴുതുവള്ളി ക്ഷേത്രത്തിന് സമീപം പഴുതുവള്ളി തോടിനു കുറുകെയുള്ള പാലം വീതികൂട്ടി നിർമ്മിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും.

നിർമ്മാണം പൂർത്തിയാക്കി മെയ് അവസാനത്തോടെ പാലം നാടിന് സമർപ്പിക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി പറഞ്ഞു. കക്കാ തൊഴിലാളികളുടെ തൊഴിൽ സ്തംഭനമൊഴിവാക്കുന്നതിനും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും നാളെ യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നിർമ്മാണത്തിനു മുന്നോടിയായി പാലത്തിന് മുന്നിലും പിന്നിലും തീർത്ത മുട്ടുകളുടെ കുറച്ചു ഭാഗം കൂടി വലിയ വള്ളങ്ങൾ കടന്നുപോകുന്ന വിധം പൊളിച്ചുമാറ്റും. കരിയാറിനേയും വേമ്പനാട്ടു കായലിനേയും ബന്ധിപ്പിക്കുന്ന പഴുതുവള്ളി തോട്ടിലൂടെ നിരവധി കക്കവാരൽ തൊഴിലാളികളാണ് വള്ളത്തിൽ കടന്നുപോകുന്നത്. പാലം നിർമ്മാണത്തിനായി മുട്ടുതീർത്തതോടെ കക്കാവാരൽ തൊഴിലാളികളുടെ തൊഴിൽ ഒരു മാസമായി മുടങ്ങിയിരിക്കുകയാണ്. തൊഴിലാളികൾ ശേഖരിക്കുന്ന കക്ക പുഴുങ്ങുന്ന സ്ഥലത്തെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് വാർഡ് മെമ്പർ സെബാസ്റ്റ്യൻ ആന്റണിയും തൊഴിലാളി പ്രതിനിധി സാബുവും ആവശ്യപ്പെട്ടു.