photo-point
ചിത്രം: സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ് കിടക്കുന്ന മൂന്നാര്‍ ഫോട്ടോപോയിന്റ്

അടിമാലി: കൊവിഡ് പിടിമുറുക്കി ഒരു വർഷം പിന്നിടുമ്പോൾ മൂന്നാറിൽ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കടുത്ത സാമ്പത്തിക ഞെരുക്കവും പ്രതിസന്ധിയുമാണ് അനുഭവപ്പെടുന്നത്. തുടർച്ചയായെത്തിയ രണ്ട് പ്രളയങ്ങൾ തീർത്ത പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറാനൊരുങ്ങവെയായിരുന്നു അപ്രതീക്ഷിതമായി കൊവിഡ് ആശങ്ക മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലയെയും പിടിച്ചുലച്ചത്. സ്‌പൈസസ് പാർക്കുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റെഡി ഫോട്ടോഗ്രാഫി തുടങ്ങി വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ മേഖലയേയും കൊവിഡ് വ്യാപനം പ്രതികൂലമായി ബാധിച്ചു. ഒരു വർഷത്തിന് ശേഷവും കൊവിഡ് ആശങ്കയിൽ കുറവില്ലാതെ കാര്യങ്ങൾ മുമ്പോട്ട് പോകുമ്പോൾ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. വരുമാനത്തിലും ഇടിവുണ്ടായതോടെ ഹോട്ടലുകളും ചെറുകിട സ്‌പൈസസ് വ്യാപാരശാലകളുമൊക്കെ മുമ്പോട്ട് പോകാനാവാതെ ബുദ്ധിമുട്ടുകയാണ്. കൊവിഡ് പിടിമുറുക്കിയതോടെ മൂന്നാറിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് പൂർണമായി നിലച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഇളവുകൾ ലഭിച്ചെങ്കിലും പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഉണ്ടായ ചെറിയൊരു തിരക്കൊഴിച്ചാൽ പിന്നീടിതുവരെ പുതിയൊരു ഉണർവ്വുണ്ടാകും വിധമുള്ള സഞ്ചാരികളുടെ സാന്നിധ്യം മൂന്നാറിലുണ്ടായിട്ടില്ല. തദ്ദേശിയരായ ചുരുക്കം സഞ്ചാരികൾ മാത്രമാണ് വിഷു ഈസ്റ്റർ അവധി ദിനഘോഷങ്ങൾക്കായി മൂന്നാറിലേക്കെത്തിയത്. കൊവിഡ് ആശങ്കയൊഴിഞ്ഞ് കാര്യങ്ങൾ എന്ന് പഴയതുപോലാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ജീവിതമെങ്ങനെ മുമ്പോട്ട് കൊണ്ടു പോകുമെന്ന ആശങ്കയാണ് മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പങ്ക് വയ്ക്കുന്നത്.