കോട്ടയം : കേരളത്തിൽ കൊവിഡ് വ്യാപനം തടയാൻ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന തന്റെ നിർദ്ദേശം തള്ളിയ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് 'ഇപ്പം എന്തായി ' എന്ന പരിഹാസത്തോടെ പി.സി.ജോർജ് രംഗത്ത്. ഫേസ്ബുക്ക് വീഡിയോ വഴി നാട്ടുകാരോടുള്ള ജോർജിന്റെ ഉപദേശം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. 'കൊവിഡ് കേരളത്തിലും വളരെ വേഗം വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന അപകടം മുന്നിൽക്കണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യം മാറ്റിവയ്ക്കണമെന്ന് ഗവൺമെന്റിനോട് അഭ്യർത്ഥിച്ചത്. സമ്മതിച്ചില്ല. ഇലക്‌ഷൻ കമ്മിഷനോടും നിർബന്ധിച്ചു, സമ്മതിച്ചില്ല. നിയമസഭ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും നീട്ടിവച്ച് ഒരുമിച്ച് നടത്താമെന്ന് പറഞ്ഞു, അതും സമ്മതിച്ചില്ല. ആൾക്കൂട്ടമൊഴിവാക്കാതെ എല്ലാം നടത്തണമെന്ന് സർക്കാരിന് നിർബന്ധമായിരുന്നു. ഇപ്പോ എവിടെപ്പോയി ?
നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസം മാറ്റിവച്ചാൽ ചത്തുപോകുമോ? തിരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെയും സമീപിച്ചു. സർക്കാർ അവിടെയും എനിക്കെതിരെ ഹാജരായി. "എല്ലാം സജ്ജമാണ്, ഇവിടെ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല, കൊവിഡിനെതിരായ പ്രതിരോധ നടപടികളെല്ലാമായിട്ടുണ്ടെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ കത്തും ഹൈക്കോടതിയിൽ കൊടുത്തു തിരഞ്ഞെടുപ്പ് നടത്തി. ഇപ്പോൾ എല്ലാരും എവിടെപ്പോയി. തിരഞ്ഞെടുപ്പും കഴിഞ്ഞ് കൊവിഡ് കൈവിട്ട നിലയിൽ പടരുന്നതിന്,മരണ നിരക്ക് ഉയരുന്നതിന് ആര് ഉത്തരവാദിത്തം പറയും. ചാകാതിരിക്കണമെങ്കിൽ ഈ ഗവൺമെന്റും ആരോഗ്യവകുപ്പും പറയുന്നത് കേൾക്കാൻ നിൽക്കാതെ സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണം ജോർജ് പറയുന്നു.
രണ്ട് ആഴ്ച പുറത്തിറങ്ങരുത്
രണ്ട് ആഴ്ചത്തേയ്ക്ക് ഒരാളും വീടിന് പുറത്ത് ഇറങ്ങരുത്. മുറ്റത്ത് പോലും ഇറങ്ങാതിരിക്കുക, ആ രണ്ടാഴ്ച കൊണ്ട് ഈ കൊവിഡിനെ ഈ നാട്ടിൽ നിന്ന് ആട്ടി പായിക്കാൻ പറ്റും. അതിന് ശക്തമായ നിലപാട് എല്ലാവരും സ്വീകരിക്കണം. ചെറിയ ഉപദേശവുമായാണ് ജോർജിന്റെ വീഡിയോ അവസാനിക്കുന്നത്.