shyomn

കോട്ടയം : ട്രാഫിക് പൊലീസിന്റെ ഡെപ്യൂട്ടി കമ്മിഷണർ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് അച്ചടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി വീണ്ടും അറസ്റ്റിൽ. കോട്ടയം കടുവാക്കുളത്തും, ആലപ്പുഴയിലും അടക്കം പൊലീസിന്റെ പേരിൽ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ കൊല്ലാട് ബോട്ട് ജെട്ടി ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ ഷൈമോൻ പി.പോളിനെ (42) ആണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെത്തിയ പ്രതി ഇവിടെ ഒരു പ്രിന്റിംഗ് സ്ഥാപനത്തിൽ എത്തിയ ശേഷം തിരിച്ചറിയൽ കാർഡ് അച്ചടിക്കുന്നതിനായി രേഖകൾ നൽകുകയായിരുന്നു. കാർഡിനൊപ്പം നൽകിയ ഫോൺ നമ്പരിൽ ഒരക്കം കുറവായിരുന്നു. തുടർന്ന് സംശയം തോന്നിയ ഉടമ ഡിവൈ.എസ്.പി അനിൽകുമാറിനെ വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഇയാൾ കാർഡ് വാങ്ങാനെത്തിയപ്പോൾ വെസ്റ്റ് എസ്.എച്ച്.ഒ കെ.എസ്.വിജയൻ, എസ്.ഐ റിൻസൺ തോമസ്, എസ്.ഐ സുരേന്ദ്രൻ, എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ജെ സജീവ്, സി.പി.ഒ വിഷ്ണു വിജയദാസ്, കെ.ആർ ബൈജു, രാജീവ് എന്നിവർ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.