പാലാ : നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.പ്രമീളാ ദേവിയുടെ വിജയത്തിനായി പാലായിലെ ബി.ജെ.പി നേതൃത്വം ചെറുവിരലനക്കിയില്ലെന്ന് തുറന്നടിച്ച് ബി.ഡി.ജെ.എസ് പാലാ മണ്ഡലം പ്രസിഡന്റ് കെ.കെ.ഷാജി രംഗത്ത്. തന്റെ വാദങ്ങൾ വീഡിയോ ആയി റെക്കാഡ് ചെയ്ത് ഷാജി, ബി.ജെ.പിയുടെയും ബി.ഡി.ജെ.എസി ന്റെയും ജില്ലാ - സംസ്ഥാന നേതൃത്വത്തിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച് എൻ.ഡി.എ പാലായിൽ തയ്യാറാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലും ഷെയർ ചെയ്തു.
ഷാജിയുടെ പ്രധാന തുറന്നു പറച്ചിൽ ഇങ്ങനെ : പാലായിലെ വിവിധ മുന്നണി സ്ഥാനാർത്ഥികളിൽ ഏറ്റവും കഴിവുള്ള ആളായിരുന്നു പ്രമീളാ ദേവി. എന്നാൽ പാലായിലെ ബി.ജെ.പി നേതൃത്വം ഈ തിരഞ്ഞെടുപ്പിന് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വില പോലും കൊടുത്തില്ല. ബി.ജെ.പിയുടെ ജില്ലാ - സംസ്ഥാന നേതൃത്വത്തിൽ നിന്ന് ആരും പാലായിലെ പ്രചരണം മോണിട്ടർ ചെയ്യാനെത്തിയില്ല.
കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയാണെന്ന് വ്യക്തമായതോടെ സ്ഥാനാർത്ഥിയോട് ഇക്കാര്യങ്ങൾ നേരിൽ പറയാൻ 10 മിനിട്ട് സമയം ചോദിച്ചു. നാല് തവണ ആവശ്യപ്പെട്ടിട്ടും അവർ തന്നെ നേരിൽ കാണാനോ കേൾക്കാനോ കൂട്ടാക്കിയില്ല. ബി.ഡി.ജെ.എസിന് വേണമെങ്കിൽ വന്ന് പ്രചാരണ രംഗത്ത് പ്രവർത്തിച്ചാൽ മതിയെന്നായിരുന്നു ബി.ജെ.പി നിയോജക മണ്ഡലം നേതൃത്വത്തിന്റെ നിലപാട്. പ്രവർത്തിക്കാൻ ഫണ്ട് ചോദിച്ചപ്പോൾ കൈയിൽ നിന്നെടുത്ത് തരികയാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് അയ്യായിരം രൂപ തന്നു. പ്രചരണത്തിനു പോകാൻ വാഹനമോ മറ്റ് സഹായമോ ഒന്നും നൽകിയില്ലെന്ന് ഷാജി പറഞ്ഞു.
കേന്ദ്രമന്ത്രിമാർക്കും അതൃപ്തി
പാലായിൽ പ്രചാരണത്തിന് എത്തിയ രണ്ട് കേന്ദ്രമന്ത്രിമാരും അതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്. ഇതിൽ ഒരു മന്ത്രി സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടെ രോഷാകുലനായി തുറന്ന വാഹനത്തിൽ നിന്നിറങ്ങിപ്പോയി.
ആരുടെയെങ്കിലും ബാഹ്യപ്രേരണയാലാണോ ബി.ജെ.പി നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണം ഉഴപ്പിയതെന്ന് അറിയില്ല. സ്ഥാനാർത്ഥി ഒരു ദിവസവും അതാതു ദിവസത്തെ പ്രചരണ അവലോകനത്തിന് നിന്നില്ലെന്നും ഷാജി കുറ്റപ്പെടുത്തുന്നു.