പൊൻകുന്നം: വേലകളിയുടെ പ്രചാരണത്തിനായി ജീവിതം സമർപ്പിച്ച ആചാര്യന്മാർക്ക് ജനകീയ വായനശാലയുടെ ആദരം ഇന്ന്. ഇരിക്കാട്ട് എ.ആർ.കുട്ടപ്പൻ നായർ, കുഴിപ്പള്ളാത്ത് അപ്പുആശാൻ(കെ.എസ്.ഗോപാലകൃഷ്ണപിള്ള) എന്നിവരെയാണ് ജനകീയ ഗുരുജനവേദി ഇന്ന് 2.30ന് വായനശാലയിൽ നടക്കുന്ന ലോക പൈതൃകദിനാചരണത്തിൽ ആദരിക്കുന്നത്.
തെക്കുംഭാഗം, വടക്കുംഭാഗം മഹാദേവ വേലകളി സംഘങ്ങളുടെ ആചാര്യന്മാരാണ് യഥാക്രമം അപ്പുആശാനും കുട്ടപ്പൻ നായരും. അരനൂറ്റാണ്ടിലേറെയായി വേലകളി പ്രചാരകരായി തുടരുന്ന ഇരുവരും തങ്ങളുടെ കലാജീവിതത്തിൽ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുണ്ട്. ചിറക്കടവ് മഹാദേവക്ഷേത്ര ഉത്സവഭാഗമായാണ് രണ്ട് ആശാന്മാരുടെയും ശിഷ്യന്മാർ എല്ലാവർഷവും അരങ്ങേറ്റം കുറിച്ച് വേലകളി ആടുന്നത്. ചരിത്രവും ഐതിഹ്യവും ഇഴചേർന്ന വേലകളി പുതുതലമുറയിലൂടെ നിലനിർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് പരിഗണിച്ചാണ് ഇരുവരും ആദരം നേടുന്നത്.