
കോട്ടയം : ജില്ലയിൽ കൊവിഡ് ബാധിതരായവരിൽ ചികിത്സാ കേന്ദ്രങ്ങളിൽ കഴിയുന്നത് 22.44 ശതമാനം പേർ. ബാക്കിയുള്ളവർ വീടുകളിൽ ഐസൊലേഷനിലാണ്. കൊവിഡ് ബാധിതരായ 5244 പേരിൽ 1177 പേരാണ് ആശുപത്രികളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലുമുള്ളത്. കൊവിഡ് ആശുപത്രികൾ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഡൊമിസിലിയറി കെയർ സെന്ററുകൾ എന്നിവിടങ്ങളിലായി 1037 പേരും സ്വകാര്യ ആശുപത്രികളിൽ 140 പേരുമാണ് കഴിയുന്നത്. 4067 പേരാണ് വീടുകളിലുള്ളത്. ഏപ്രിൽ 16 ന് അർദ്ധരാത്രി വരെ എല്ലാ കേന്ദ്രങ്ങളിലുമായി 2132 കിടക്കകൾ ഒഴിവുണ്ട്. കൊവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി 439 കിടക്കകളാണുള്ളത്. നിലവിൽ 148 പേർ രോഗികളുണ്ട്. ആറ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 509 കിടക്കകളിൽ 350 കിടക്കകളിലാണ് രോഗികളുള്ളത്. ഏഴ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 969 കിടക്കകളാണ് ആകെയുള്ളത്. നിലവിൽ 431 രോഗികളുണ്ട്. ജില്ലയിലെ 20 ഡൊമിസിലിയറി കെയർ സെന്ററുകളിലെ 1252 കിടക്കകളിൽ 108 എണ്ണത്തിലാണ് രോഗികളുള്ളത്.
ശേഖരിച്ചത് 15631 സാമ്പിളുകൾ
സംസ്ഥാനതല കൊവിഡ് അവലോകന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടത്തിയ പ്രത്യേക കൊവിഡ് പരിശോധനയിൽ ജില്ലയിൽ 15631 പേരുടെ സാമ്പിൾ ശേഖരിച്ചു. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, രോഗലക്ഷണങ്ങളുള്ളവർ, പൊതുജനങ്ങളുമായി കൂടുതലായി സമ്പർക്കം പുലർത്തുന്ന വകുപ്പുകളിലെ ജീവനക്കാർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ട ജീവനക്കാർ, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ തുടങ്ങിയവരെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയത്. ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും.
5000 ഡോസ് കൊവിഷീൽഡ് ഇന്നെത്തും
കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിന്റെ 5000 ഡോസ് ഇന്ന് ജില്ലയിൽ എത്തും. നിലവിൽ കൊവിഷീൽഡിന്റെ 1040 ഡോസും കൊവാക്‌സിന്റെ 5850 ഡോസും സ്‌റ്റോക്കുണ്ട്. അവധി ദിവസമായ ഇന്ന് വാക്‌സിനേഷൻ ഇല്ല. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നാളെ കുത്തിവയ്പ്പ് നടത്തുമെന്ന് കളക്ടർ എം.അഞ്ജന അറിയിച്ചു.