മുണ്ടക്കയം: ശബരിമല ഉൾവനത്തിൽ കാട്ടുപോത്തിന്റെ അക്രമണത്തിൽ വനപാലകന് പരിക്ക്.കുഴിമാവ് മുക്കുഴി പമ്പ റെയ്ഞ്ചിന് കീഴിലുള്ള പ്രൊട്ടക്ഷൻ വാച്ചറായ മൂഴിക്കൽ ഓലിക്കൽ വീട്ടിൽ പുഷ്പാംഗദൻ (52) നാണ് പരുക്കേറ്റത്. കോരുത്തോട് കണ്ടങ്കയത്ത് നിന്നും അഞ്ച് കിലോമീറ്ററോളം അകലെ ശബരിമല ഉൾവനത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വനത്തിനുള്ളിൽ നിരീക്ഷണത്തിനായി പോയ മൂന്നംഗ സംഘത്തിന് നേരെ കാട്ടുപോത്ത് ഓടിയടുക്കുകയായിരുന്നു. മുൻപിൽ നടന്ന പുഷ്പാംഗദാനെ കുത്തിയ കാട്ടുപോത്തിനെ കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡും മറ്റൊരു വാച്ചറു ചേർന്ന് ശബ്ദമിട്ട് തുരത്തുകയായിരുന്നു. തുടയ്ക്ക് സാരമായി പരുക്കേറ്റ പുഷ്പാംഗദനെ സ്‌ട്രെച്ചറിൽ ഏഴു കിലോമീറ്ററോളം ചുമന്നാണ് കുഴിമാവ് എത്തിച്ചത്. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.