പാലാ : പരീക്ഷ കഴിഞ്ഞ് കാർലിൻ ഓടിയെത്തിയത് ചലനമറ്റ അമ്മയുടെ മടിത്തട്ടിലേക്ക്. അമ്മയുടെ മരണവിവരമറിയാതെ പ്ലസ്ടൂ പരീക്ഷ എഴുതിയ കാർലിന്റെ വിലാപം നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ദുഖ:ത്തിലാഴ്ത്തി. പാദുവ കക്കാട്ടിൽ ബിജു.കെ.തോമസിന്റെ ഭാര്യ ഐവി എലിസബത്ത് ജോർജ്ജ് (42)ന്റെ മരണാനന്തര ചടങ്ങുകളാണ് കണ്ണുകളെ ഈറനണിയിച്ചത്.

അർബുദ ബാധിതയായി ഒന്നരവർഷത്തോളമായി ഐവി ചികിത്സയിലായിരുന്നു. കുറച്ചു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. മൂത്തമകളായ കാർലിൻ ആഗ്‌നസ് തോമസ് ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസിലെ പ്ലസ്ടൂ വിദ്യാർത്ഥിയാണ്. സ്‌കൂളിനോടനുബന്ധിച്ചുള്ള ഹോസ്റ്റിലാണ് കാർലിൻ താമസിച്ച് പഠിച്ചിരുന്നത്. ഇതിനിടെ ഐവിക്ക് രോഗം ഗുരുതരമായതോടെ ആശുപത്രിയലേക്ക് മാറ്റി. മാതാവിനെ ആശുപത്രിയിലെത്തി കണ്ടെങ്കിലും പ്ലസ്ടൂ പരീക്ഷ നടക്കുന്നതിനാൽ തിരികെ ഹോസ്റ്റലിലേക്ക് പോകാൻ ബന്ധുക്കളും അദ്ധ്യാപകരും നിർബന്ധിക്കുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച ഐവി മരിച്ചു. പരീക്ഷ എഴുതേണ്ടതിനാൽ കാർലിനെ മരണവാർത്ത അറിയിച്ചില്ല. ഇന്നലെ രാവിലെ കാർലിൻ പരീക്ഷയെഴുതാൻ പോയി. കണക്ക് പരീക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ കാർലിനെ കാത്ത് ബന്ധുക്കളും അദ്ധ്യാപകരും സഹപാഠികളുമുണ്ടായിരുന്നു. അമ്മയുടെ മരണവാർത്ത അറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ കാർലിനെ സ്കൂൾ അധികൃതർ ചേർന്നാണ് വീട്ടിലെത്തിച്ചത്.

ഐവിയുടെ മരണാനന്തര ചടങ്ങുകൾ ഇന്നലെ പാദുവ സെന്റ് ആന്റണീസ് പള്ളിയിൽ നടന്നു. കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് എൽ.പി.എസിലെ അദ്ധ്യാപകനാണ് ബിജു ജെ. തോമസ്. കാർലിന്റെ സഹോദരങ്ങൾ : ലിയോൺ ജെ. തോമസ്, ജിയോ ജോർജ്ജ് തോമസ്, ആന്റണി തോമസ് (മൂവരും ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്എസ്എസ് വിദ്യാർത്ഥികൾ).