restriction

കോട്ടയം: കഴിഞ്ഞ വർഷം ഏപ്രിൽ 18 ന് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത് 25 കേസുകൾ. അന്ന് അടച്ചു പൂട്ടി വീട്ടിലിരുന്നവർ പക്ഷേ, ആയിരം കടന്ന ഇപ്പോൾ കൊവിഡിനെ ഏതാണ്ട് മറന്ന അവസ്ഥയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം അൽപമെങ്കിലും മുറുക്കിയത് ഇപ്പോൾ മാത്രമാണ്. കഴിഞ്ഞ വർഷം വിഷുവും ഈസ്റ്ററുമെല്ലാം കൊവിഡ് ലോക്ക് ഡൗൺ കൊണ്ടു പോയെങ്കിൽ ഇക്കുറി ആഘോഷങ്ങൾക്ക് ഒരു കുറവുമില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടങ്ങിയ ആഘോഷം വിഷുവോടെ ഏതാണ്ട് സമാപിച്ചപ്പോഴേയ്‌ക്കും കഴിഞ്ഞ വർഷത്തേതിന്റെ നാലിരട്ടിയായി കൊവിഡ് മാറിക്കഴിഞ്ഞിരുന്നു.

 ആളെണ്ണം കുറഞ്ഞ് മാർക്കറ്റുകൾ

കഴിഞ്ഞ വർഷം കൊവിഡിന്റെ വൻ വ്യാപനത്തിന് തുടക്കമിട്ടത് കോട്ടയം മാർക്കറ്റിൽ നിന്നായിരുന്നു. ഇവിടെ എത്തിയ തമിഴ്‌നാട് ലോറിയിലെ ഡ്രൈവർക്ക് പിന്നാലെ ഇരുപതോളം പേർക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന്, ഓരോ വ്യക്തിയുടെയും റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും പ്രസിദ്ധീകരിച്ച് ഓരോരുത്തരെയും ക്വാറന്റൈനിലാക്കുകയും, കൃത്യമായി നിരീക്ഷിക്കുകയും ചെയ്‌ത ആരോഗ്യ വകുപ്പ് ഇന്ന് ഏതാണ്ട് മടുത്ത അവസ്ഥയിലാണ്. ഓരോ കേന്ദ്രങ്ങളിലും പരിശോധനയും വാക്‌സിനേഷനും നടത്തുകയും, കൊവിഡ് ബാധിച്ചവരെ ആശുപത്രിയിലും വീട്ടിലും ഇരുത്തി ചികിത്സ നൽകുന്നതിലും ഒതുങ്ങുന്നു ഇന്നത്തെ പ്രതിരോധ പ്രവർത്തനങ്ങൾ. ഇവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താനോ, ഈ ആളുകളെ ക്വാറന്റൈനിലാക്കാനോ നടപടികൾ ഒന്നുമില്ല.

 കൈകഴുകലുമില്ല

അടച്ചിട്ടിരുന്ന ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനും മുതൽ കൊവിഡ് രോഗിയുടെ വീട് വരെ ആദ്യ ഘട്ടത്തിൽ അണുനശീകരണം നടത്തിയിരുന്നു. ആരോഗ്യ വകുപ്പും അഗ്നിരക്ഷാ സേനയുമാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. എന്നാൽ, ഇന്ന് ഇത്തരം പ്രവർത്തനങ്ങളെല്ലാം ഏതാണ്ട് നിലച്ച മട്ടാണ്. ആയിരം പേരുടെ റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും പുറത്തു വിടുന്നതും ഇവർ സഞ്ചരിച്ച സ്ഥലങ്ങൾ അണുനശീകരണം നടത്തുന്നതും പ്രായോഗികമല്ലെന്നാണ് അധികൃതരുടെ വാദം. വഴിയരികിൽ കൈകഴുകാൻ വച്ചിരുന്ന വെള്ള ടാങ്കുകളും സോപ്പുപെട്ടികളും പൊടിപിടിച്ചു നശിച്ചു . പലയിടത്തും ബ്രേക്ക് ദി ചെയിൻ ബോർഡ് വച്ചിട്ടുണ്ടെങ്കിലും ആരും മൈൻഡ് ചെയ്യുന്നില്ല.

 സൂക്ഷിച്ചാൽ കൊള്ളാം

ആരോഗ്യ വകുപ്പും പൊലീസും അഗ്നിരക്ഷാ സേനയും ചെയ്യാവുന്നതെല്ലാം ചെയ്‌തു കഴിഞ്ഞ സാഹചര്യത്തിൽ ഇനി ഓരോ വ്യക്തിയും സ്വയം സൂക്ഷിച്ചാൽ അവർക്ക് കൊള്ളാമെന്നാണ് അധികൃതരുടെ നിലപാട്. സ്വയം സാമൂഹിക അകലം പാലിക്കുകയും, കൈകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുകയും ചെയ്‌താൽ അപകടം ഒഴിവാക്കാമെന്നാണ് അധികൃതരുടെ നിർദേശം.