കോട്ടയം: യാത്രക്കാരെ നിറുത്തിക്കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന നിലപാട് മോട്ടോർ വാഹന വകുപ്പ് കർക്കശമാക്കിയതോടെ സ്വകാര്യ ബസുകൾ സർവീസ് നിറുത്താൻ ആലോചിക്കുന്നു. ആദ്യ ഘട്ടകൊവിഡിനു ശേഷം ജില്ലയിലെ 800 ബസുകൾ മാത്രമാണ് ഇതുവരെ നിരത്തിലിറങ്ങിയത്. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലേയ്‌ക്കു തള്ളി വിടുന്ന തീരുമാനം മോട്ടോർ വാഹന വകുപ്പിൽ നിന്നുണ്ടായത്.
കഴിഞ്ഞ ഒരു വർഷം കൊണ്ട് ഡീസൽ വിലയിൽ 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായതെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 66 രൂപയായിരുന്നു ഡീസലിന്റെ വില. എന്നാൽ, ഇപ്പോൾ 86 രൂപയാണ് . ഈ സാഹചര്യത്തിൽ യാത്രക്കാരെ സീറ്റിൽ ഇരുത്തിമാത്രം കൊണ്ടുപോവുക എന്നത് പ്രായോഗികമല്ലെന്നാണ് ഇവരുടെ നിലപാട്.
പരീക്ഷാ കാലമായതിനാൽ ബസുകളിൽ കൂടുതലും വിദ്യാർത്ഥികളാണ്. ഒരു വിദ്യാർത്ഥിയിൽ നിന്ന് ഒരു രൂപ മാത്രമാണ് ലഭിക്കുക. കോളേജുകളുടെയും സ്‌കൂളുകളുടെയും മുന്നിൽ എത്തുമ്പോൾ തന്നെ സീറ്റിംഗ് കപ്പാസിറ്റി നിറയും. ഇത് മൂലം ഡീസിലിനുള്ള തുക പോലും പല ദിവസങ്ങളിലും ലഭിക്കാറില്ല. ഗ്രാമീണ മേഖലയിലേയ്‌ക്ക് സർവീസ് നടത്തുന്നവയാണ് ജില്ലയിലെ ഭൂരിഭാഗം ബസുകളും. ഇവയ്‌ക്ക് രാവിലെയും വൈകിട്ടും മാത്രമാണ് പലപ്പോഴും യാത്രക്കാരെ ലഭിക്കുക. ഈ സമയത്ത് ബസിൽ യാത്രക്കാരെ ഇരുത്തി മാത്രം കൊണ്ടു പോയാൽ മുതലാകില്ല.
പാർക്കിംഗ് ഫീസ് നൽകില്ല
ജില്ലയിലെ ബസ് സ്റ്റാൻഡുകളിലെ പാർക്കിംഗ് ഫീസ് ഇന്നു മുതൽ നൽകേണ്ടെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ തീരുമാനിച്ചു. കഴിഞ്ഞ മാർച്ചിന് ശേഷം പാർക്കിംഗ് ഫീസ് കരാർ ലേലം കൊണ്ടിട്ടില്ല. പന്ത്രണ്ട് രൂപ വരെ അധികമായി ഈടാക്കാൻ അനുമതി നൽകി കഴിഞ്ഞ തവണ പിരിച്ചവരെ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കുകയും സ്വകാര്യ ബസുകൾക്ക് വരുമാനത്തിൽ വൻ ഇടിവുണ്ടാകുകയും ചെയ്യുമ്പോൾ പാർക്കിംഗ് ഫീസ് നൽകേണ്ടെന്നാണ് ഉടമകളുടെ നിലപാട് .
' കൊവിഡ് നിയന്ത്രണങ്ങൾ ഓരോ തവണ കർക്കശമാക്കുമ്പോഴും ബാധിക്കുന്നത് സ്വകാര്യ ബസ് മേഖലയെയാണ്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. ഇല്ലെങ്കിൽ ഈ വ്യവസായം ഇല്ലാതാകുന്ന സ്ഥിതി വരും. '
- കെ.എസ് സുരേഷ്, ജനറൽ സെക്രട്ടറി
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ