കോട്ടയം: രണ്ടാം വരവിൽ ആയിരവും കടന്നു കൊവിഡ് കുതിക്കുമ്പോൾ നടപടികൾ കർക്കശമാക്കുകയാണെന്ന് പൊലീസ്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മൂന്നു വീതം സ്ക്വാഡിനെ പരിശോധനയ്ക്കായി നിയോഗിച്ച് കഴിഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അടക്കം 165 സംഘത്തെയാണ് ജില്ലയിലെമ്പാടും നിയോഗിച്ചിരിക്കുന്നത്.
മാസ്കില്ലാത്തവരിൽ നിന്ന് കർശനമായി പിഴ ഈടാക്കും. മാസ്ക് ധരിക്കുന്നതിൽ ഒരിളവുമില്ല. കാറുകളിൽ സഞ്ചരിക്കുന്നവരും മാസ്ക് ധരിക്കണം. സ്ഥാപനങ്ങളിൽ പൊലീസ് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. ഇവിടങ്ങളിൽ എത്തുന്നവരും, ജീവനക്കാരും മാസ്ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും.
ഓരോ സ്ക്വാഡിനും ടാർജറ്റ് നൽകിയിട്ടുണ്ട്. ഈ സ്ക്വാഡുകൾ പരിശോധന നടത്തി അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് റിപ്പോർട്ട് നൽകണം. ഇത് ജില്ലാ പൊലീസ് മേധാവി പരിശോധിക്കും.
' ജില്ലയിൽ കൊവിഡ് പ്രതിരോധത്തിനായി പരിശോധന കർശനമാക്കും. ഒരു മേഖലയിലും ഇളവുണ്ടാകിയില്ല. രാത്രി ഒൻപത് മണിയോടെ ഹോട്ടലുകളും തട്ടുകടകളും അടയ്ക്കണം. 11 വരെ ടേക്ക് എവേ കൗണ്ടറുകൾ പ്രവർത്തിക്കാം. രാത്രിയിൽ അവശ്യ സ്ഥാപനങ്ങൾ ഒഴികെ ഒന്നും പ്രവർത്തിക്കാൻ അനുവദിക്കില്ല.
ഡി.ശില്പ,
ജില്ലാ പൊലീസ് മേധാവി