കോട്ടയം: അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട റെയിൽവേ പാതഇരട്ടിപ്പിക്കലിനും റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാട നിർമ്മാണത്തിനും കിട്ടിയത് മുട്ടൻപണി. ലോക്ക്ഡൗണിനെ തുടർന്നു ആറു മാസത്തോളം മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോഴേയ്ക്കും എത്തിയ മഴയും, കൊവിഡ് രണ്ടാം വ്യാപനവുമാണ് പ്രതിസന്ധി തീർക്കുന്നത്. ഇതിനിടെ കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായിരിക്കുന്ന നിയന്ത്രണങ്ങളെ തുടർന്നു അന്യസംസ്ഥാന തൊഴിലാളികൾ പലരും മടങ്ങിപ്പോകുകയും ചെയ്തു. ലോക്ക്ഡൗണിന് ശേഷം നിർമ്മാണം പുനരാരംഭിച്ചത് തന്നെ നാഗമ്പടം ഭാഗത്തെ രണ്ടാം പാതയുടെയും, ഗുഡ്‌സ്‌ട്രാക്കിന്റെയും നിർമ്മാണത്തോടെയായിരുന്നു. തറ നിരപ്പിൽ ഗുഡ്‌സ് ട്രെയിൻ വന്നുനിർത്തി സാധനങ്ങൾ ഇറക്കാൻ സാധിക്കുന്ന രീതിയിലാണ് ട്രാക്ക് നിർമ്മിക്കുന്നത്. ഇതിന്റെ കോൺക്രീറ്റിംഗ് ജോലികളാണ് ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നത്. ഇതിനൊപ്പം ഈ ഭാഗത്തു പാലവും നിർമിക്കുന്നുണ്ട്. നഗരത്തിൽ നിന്ന് മീനച്ചിലാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. ഇതിനു മുകളിലൂടെ പുതിയ ട്രാക്ക് കടന്നു പോകും. ഇതുൾപ്പെടെ മൂന്നു ട്രാക്കാണ് ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്നത്. ഈ മൂന്ന് ട്രാക്കിൽ രണ്ടെണ്ണത്തിന് മാത്രമാണ് പ്ലാറ്റ്‌ഫോം ഉണ്ടാകുക. മറ്റൊന്നു ഗുഡ്‌സ് യാർഡിനുള്ളതാണ്. നാഗമ്പടം ഭാഗത്താകും പുതിയ പ്ലാറ്റ്ഫോമുകൾ. ഇതിൽ ഒരു വരി പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമായി അനുവദിക്കാനാണ് റെയിൽവേയുടെ തീരുമാനം.

പുതിയ പ്രവേശനകവാടം

പുതിയ പ്രവേശന കവാടത്തിനായി നാഗമ്പടം ഭാഗത്ത് മതിൽ നിർമാണം തുടങ്ങി. ഇവിടെ പുതിയ കെട്ടിവും ടിക്കറ്റ് ബുക്കിംഗ് കൗണ്ടറും സജ്ജമാക്കും. പുതിയ കവാടം വരുന്നതോടെ ഏറ്റുമാനൂർ ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് വേഗത്തിൽ സ്റ്റേഷനിൽ എത്താനാകും. രണ്ടാം കവാടത്തിൽ നിന്ന് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു നടപ്പാലവും നിർമ്മിക്കും. പ്രവേശന കവാടത്തിൽ ലിഫ്റ്റ് സംവിധാനവും ഏർപ്പെടുത്തും.

പാലം ഇനി പൂർത്തിയാകണം

ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപാതയുടെ ഭാഗമായി നിർമ്മിക്കുന്ന മേൽപാലങ്ങളുടെ പണികളും പൂർത്തിയായിവരികയാണ്. പാക്കിൽ, കാരിത്താസ്, മാഞ്ഞൂർ ഉൾപ്പെടെ പത്ത് മേൽപ്പാലങ്ങളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഏറ്റുമാനൂർ-ചിങ്ങവനം (16.84 കി.മീ) പാത ഇരട്ടിപ്പിക്കൽ ജോലികളാണ് ഇനി അവശേഷിക്കുന്നത്. ഡിസംബറിൽ പാതയിരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കുമെന്ന് റെയിൽവേ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.