road-kuzhi

മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ താന്നിവളവിൽ അപകടഭീഷണി

മുണ്ടക്കയം : കുഴി നികത്തും പിന്നാലെ പൈപ്പ് പൊട്ടും, വീണ്ടും കുഴി രൂപപ്പെടും. മുണ്ടക്കയം - കൂട്ടിക്കൽ റോഡിൽ താന്നി വളവ് ഭാഗത്താണ് ഈ പ്രതിഭാസം. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയൊന്നുമല്ല ഇതിന് കാരണം വില്ലൻ ജലവിതരണ വകുപ്പാണ്. കുടിവെള്ള വിതരണത്തിനായി മുണ്ടക്കയം മണിമലയാറ്റിലെ പമ്പ് ഹൗസിൽ നിന്ന് ചെളി കുഴിയിലെ വിതരണ ടാങ്കിലേയ്ക്കും,തിരിച്ചുമുള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത് കടന്ന് പോകുന്നത് റോഡിന്റെ ഈ ഭാഗത്ത് കൂടിയാണ്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകളുടെ കാലപ്പഴക്കവും,ആവശ്യത്തിന്ന് വിതരണലൈനുകളിൽ പ്രഷർ നിയന്ത്രിക്കാനുള്ള വാൽവുകൾ ഇല്ലാത്തതുമാണ് പൈപ്പ് പൊട്ടലിന് ഇടയാക്കുന്നത്. വെള്ളം കുത്തിയൊലിച്ച് ടാറിംഗ് ഇളകിയാണ് കുഴികൾ രൂപപ്പെടുന്നത്. എരുമേലി - പൂഞ്ഞാർ സംസ്ഥാന പാതയായി ഉയർത്തി നിർമ്മാണ പ്രവർത്തനം നടത്തിയെങ്കിലും ഈ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ചില്ല.

മഴയായാൽ യാത്ര ദുഷ്‌ക്കരം
മഴയത്ത് ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമാകും. കൊടുംവളവിനോട് ചേർന്നുള്ള റോഡിലെ കുഴികളിൽ പെടാതെ എതിർവശം ചേർന്ന് വാഹനം കൊണ്ടുപോകുന്നത് അപകടത്തിനിടയാക്കും. മുണ്ടക്കയം ടൗണിലും ജലവിതണ പൈപ്പുകൾ പൊട്ടി റോഡ് തകർന്നതോടെയാണ് ഇഷ്ടിക നിരത്തിയത്. എന്നിട്ടും പൈപ്പ് പൊട്ടലിന് കുറവ് ഒന്നുമില്ല. പഴയത് പോലെ റോഡിന് കാര്യമായ ക്ഷതമേൽക്കുന്നില്ലെന്ന് മാത്രം.