പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡ്, തൊടുപുഴ-പാലാ റോഡ് എന്നിവിടങ്ങളിൽ അപകടങ്ങൾ കുറയ്ക്കാൻ കാമറ സ്ഥാപിച്ചു തുടങ്ങി. അമിതവേഗതക്കാരെ കുടുക്കി പിഴയീടാക്കും. വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

മോട്ടോർവാഹനവകുപ്പ് കെൽട്രോണുമായി ചേർന്നാണ് കാമറ സ്ഥാപിക്കുന്നത്. പി.പി റോഡിൽ ആദ്യഘട്ടമായി രണ്ടിടത്ത് കാമറ സ്ഥാപിച്ചു. പ്രവർത്തനസജ്ജമാകുന്നതേയുള്ളൂ.

പൈക ആശുപത്രിപടിക്ക് സമീപം, പൂവരണി എന്നിവിടങ്ങളിലാണ് പാലാപൊൻകുന്നം റോഡിലെ കാമറകൾ. പൈകയിലേത് വൺസൈഡ് കാമറയും പൂവരണിയിലേത് ടുസൈഡുമാണ്.

ഇതേ ഹൈവേയുടെ ബാക്കിഭാഗമായ പാലാ-തൊടുപുഴ റോഡിൽ പ്രവിത്താനത്തും കാമറ സ്ഥാപിച്ചു. മറ്റിടങ്ങളിലും കാമറ സ്ഥാപിക്കാൻ നടപടിയെടുക്കും. അമിതവേഗതക്കാരെ കണ്ടെത്തി ഇവരിൽ നിന്ന് പിഴയീടാക്കാൻ വാഹനവകുപ്പ് നോട്ടീസ് അയക്കും.


ചിത്രവിവരണംപാലാപൊൻകുന്നം റോഡിൽ സ്ഥാപിച്ച സ്പീഡ് കാമറ..