workers
കട്ടപ്പനയില്‍ നിന്ന് പുറപ്പെടാനിരുന്ന ടൂറിസ്റ്റ് ബസില്‍ കയറ്റിയ തൊഴിലാളികള്‍.

കട്ടപ്പന: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി അന്യ സംസ്ഥാന തൊഴിലാളികളെ കടത്തുന്നു. കട്ടപ്പനയടക്കം വിവിധ സ്ഥലങ്ങളിൽ നിന്ന് യായൊരു രേഖകളുമില്ലാതെയാണ് തൊഴിലാളികളെ അസം, ചത്തീസ്ഗഢ്, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്നുള്ളവരെ കേരളത്തിലേക്ക് കടത്തുകയും ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ടൂറിസ്റ്റ് ബസുകളിൽ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും. ഇവരിൽ കൊവിഡ് ബാധിതരുണ്ടോയെന്നു പോലും ആർക്കുമറിയില്ല. ആധാർ കാർഡ് ഒഴികെ കൊവിഡ് പരിശോധന സർട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ ഇവരുടെ കൈവശമില്ല. ഇന്നലെ രാവിലെ തൊഴിലാളികളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകാനിരുന്ന അഞ്ച് ടൂറിസ്റ്റ് ബസുകളിൽ നഗരസഭ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തി. സീറ്റിംഗ് കപ്പാസിറ്റിയേക്കാൾ കൂടുതൽ തൊഴിലാളികളാണ് ബസുകളിൽ ഉണ്ടായിരുന്നത്. കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആരുടെയും കൈവശമുണ്ടായിരുന്നില്ല. പലരും മുഖാവരണം പോലും ധരിച്ചിരുന്നില്ല. സാനിറ്റൈസർ ഉൾപ്പെടെയുള്ള സുരക്ഷ മുൻകരുതലുകളും ബസുകളിലില്ല. തൊഴിലാളികളുടെ പേര് മാത്രം എഴുതിയ പേപ്പറാണ് ബസ് ജീവനക്കാരുടെ കൈയിലുള്ളത്. വിവരമറിഞ്ഞ് കട്ടപ്പന പൊലീസും സ്ഥലത്തെത്തിയിരുന്നു. ബസ് ജീവനക്കാരുടെയും തൊഴിലാളികളുടെയും വിവരങ്ങൾ ശേഖരിച്ച ആരോഗ്യവിഭാഗം ഇന്ന് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകും.

ഇടാക്കുന്നത് പതിനായിരം രൂപ വരെ

സ്വദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിനും കേരളത്തിലേക്ക് എത്തിക്കുന്നതിനുമായി ഒരാളിൽ നിന്ന് 6000 മുതൽ 10,000 രൂപ വരെയാണ് ഈടാക്കുന്നത്. തൊഴിലാളി കടത്തിനായി വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായതോടെ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ നിന്നടക്കം തൊഴിലാളികൾ സ്വദേശത്തേയ്ക്ക് മടങ്ങാൻ തയ്യാറാകുകയാണ്. ഇവരെ കണ്ടെത്തിയാണ് വൻതുക കൈപ്പറ്റി ടൂറിസ്റ്റ് ബസുകളിൽ കൊണ്ടുപോകുന്നത്. കഴിഞ്ഞവർഷം ലോക്ക് ഡൗണിന് മുമ്പും ഇത്തരത്തിൽ തൊഴിലാളികളെ കൊണ്ടുപോയിരുന്നു. സർവീസ് നടത്തുന്ന ബസുകളിൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും തൊഴിലാളികളെ നിർബാധം കടത്തുന്നുണ്ട്. പുലർച്ചെ പ്രധാന ടൗണുകളിൽ എത്തുന്ന വാഹനങ്ങളിൽ നിന്ന് ഇവരെ തോട്ടങ്ങളിലേക്കും മറ്റ് തൊഴിലിടങ്ങളിലേക്കും കൊണ്ടുപോകും.