രാജാക്കാട്: ഓൺലൈൻ അവധി വ്യാപാര ഇടപാടിൽ രാജാക്കാട് സ്വദേശിയായ ചെറുകിട വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ സ്വകാര്യ കമ്പനി എം.ഡിയെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ആർ.ബി.ജി കമ്മോഡിറ്റീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുഹേഷ് കുമാർ ഗുപ്തയാണ് (48 അറസ്റ്റിലായത്. അടിമാലി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം രാജാക്കാട് പൊലീസ് എറണാകുളത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു. രാജാക്കാട് കേന്ദ്രമായി ഈസ്റ്റ് ലാന്റ് ഇൻഡട്രീസ് എന്ന സ്ഥാപനം നടത്തുന്ന കരോട്ടുകിഴക്കേൽ ബേബി മാത്യുവാണ് തട്ടിപ്പിനിരയായത്. 2013ലാണ് കേസിനാസ്പദമായ സംഭവം. ബേബി മാത്യുവിന് കൂടുതൽ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതിയും കൂട്ടാളികളായ മറ്റു രണ്ട് പേരും ചേർന്ന് കാർഷിക ഉത്പന്നങ്ങളുടെ അവധി വ്യാപാരത്തിൽ പങ്കാളിയാക്കി. മൂലധനമായി ബേബി നിക്ഷേപിച്ച പണം മുഴുവൻ നഷ്ടപ്പെട്ടു. അതിന് ശേഷം വ്യാപാര ഉടമ്പടിയുടെ ഭാഗമായി ബേബി നേരത്തെ നൽകിയ ബ്ലാങ്ക് ചെക്കുകൾ ഉപയോഗിച്ച് ഇവർ മൂന്ന് തവണകളിലായി 5,10,000 രൂപ പിൻവലിച്ചു. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതോടെ ബേബി ബാങ്കിൽ തന്റെ പേരിലുള്ള ചെക്ക് ഇടപാടുകൾ വിലക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. പണം നഷ്ടമായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബേബി രാജാക്കാട് പൊലീസിൽ പരാതിയും നൽകി. അതിന് ശേഷവും കമ്പനി 6,40,000 രൂപയുടെ ഒരു ചെക്ക് കൂടി കളക്ഷന് അയച്ചു. ഇത് മടങ്ങിയതോടെ കമ്പനിയും ബേബിക്കെതിരെ നിയമ നടപടിയുമായി മുമ്പോട്ട് പോയി. ബേബി നൽകിയ പരാതിയുടെ പേരിലുള്ള പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മനസിലാക്കിയ ബേബി അടിമാലി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. ഹർജി വിശദമായ വാദങ്ങൾക്ക് ശേഷമാണ് ഏഴ് വർഷം കഴിഞ്ഞ് കമ്പനി എം.ഡി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കഴിഞ്ഞ 30 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 418, 420, 34 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കും രണ്ട് കൂട്ടാളികൾക്കുമെതിരെ കേസ് എടുത്തിട്ടുള്ളത്.