കൊഴുവനാൽ ടൗൺ ചേർപ്പുങ്കൽ റോഡിൽ മെറ്റിൽകൂന
കൊഴുവനാൽ: ചേർപ്പുങ്കൽ റോഡിലെ ഈ 'കൊലക്കൂന' ഒന്നു മാറ്റൂ പ്ലീസ്..... കൊഴുവനാൽ പഞ്ചായത്ത് അധികാരികളോട് ഇതുവഴി പോകുന്ന യാത്രക്കാരുടെ അപേക്ഷയാണിത്. ചുരുങ്ങിയ ഭരണ കാലയളവിൽ തന്നെ ജനകീയ മുഖം കാഴ്ചവെച്ച ഭരണ നേതൃത്വം ഇക്കാര്യവും ഗൗരവമായി കണക്കിലെടുക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. കൊഴുവനാൽ ടൗൺ ചേർപ്പുങ്കൽ റോഡിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനു തൊട്ടടുത്ത് വൈദ്യുതി പോസ്റ്റിനോടു ചേർന്നുള്ള മെറ്റിൽകൂനയാണ് അപകടഭീഷണി ഉയർത്തുന്നത്. മെറ്റിൽ കനത്ത മഴയിൽ വഴിയാകെ നിരന്നു. ഇരുചക്രവാഹനയാത്രക്കാർ ഉൾപ്പെടെ പലരും ഇവിടെ അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ബസ് സർവീസുകൾ ഉൾപ്പെടെ നിത്യേന നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. മെറ്റിൽക്കൂന വഴിയിലേക്കിറങ്ങി കിടക്കുന്ന ഭാഗത്ത് റോഡിനു വീതിക്കുറവുമുണ്ട്. ഇതും പ്രശ്‌നമാണ്. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള ആംബുലൻസുകൾ പായുന്നതും ഇതുവഴിയാണ്. അത്യാസന്ന നിലയിലുള്ള രോഗികളുമായി അതിവേഗതയിൽ എത്തുന്ന ആംബുലൻസുകൾ മെറ്റൽക്കൂനയിൽ കയറിയാൽ മറ്റൊരു അപകടം ഉറപ്പ്.
ആരാണ് ഉടമ?
കഴിഞ്ഞ ഒന്നര മാസമായി റോഡരികിൽ മെറ്റിൽക്കൂനയുണ്ട്. മെറ്റലിന്റെ ഉടമസ്ഥനാരെന്നും അധികൃതർക്ക് നിശ്ചയമില്ല.
പഞ്ചായത്ത് റോഡിന്റെ ടാറിംഗിന് എത്തിച്ച് ബാക്കി വന്ന മെറ്റിലുകളാണെന്ന് ചിലർ പറയുമ്പോൾ സ്വകാര്യ വ്യക്തിയുടെ റോഡ് ടാർ ചെയ്യാൻ കൊണ്ടു വന്ന മെറ്റിലാണെന്ന് മറ്റൊരു കൂട്ടർ പറയുന്നു. ആരുടേതെങ്കിലും ആകട്ടെ, ഒന്നു മാറ്റിത്തന്നാൽ ഉപകാരം എന്നാണ് യാത്രക്കാരുടെ അഭിപ്രായം.
മെറ്റൽ നിരന്ന് റോഡിൽ നിരന്ന ഭാഗത്ത് രാത്രി രണ്ടു തവണ ഞാൻ അപകടത്തിൽപ്പെട്ടു. ഭാഗ്യത്താൽ മുറിവുകളൊന്നുമുണ്ടായില്ല. എത്രയും വേഗം ഈ മെറ്റിലുകൾ നീക്കം ചെയ്യണം.
ജോൺ തോമസ്,
ടൗൺ ഹോട്ടലുടമ
കൊഴുവനാൽ.
യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്ന മെറ്റൽക്കൂന എത്രയും വേഗം മാറ്റും. ഇത് ആരുടേതാണെന്ന് കണ്ടെത്തി പറ്റിയാൽ ഇന്നു തന്നെ മാറ്റിക്കാൻ ശ്രമിക്കും.
നിമ്മി ട്വിങ്കിൾ രാജ്
കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ്