വൈക്കം : വെച്ചൂർ പഞ്ചായത്തിലെ പന്നയ്ക്കാത്തടം, അരികുപുറം, കട്ടമടപാടശേഖരങ്ങളിൽ കൊയ്ത്തു കഴിഞ്ഞ് ദിവസങ്ങളായിട്ടും നെല്ല് സംഭരിക്കുന്നതിന് നടപടിയായില്ല. 100 ഏക്കർ വിസ്തൃതിയുള്ള പന്നയ്ക്കാത്തടം പാടശേഖരത്തിൽ 60 ഓളം കർഷകരുടെതായി 1500 ലധികം ക്വിന്റൽ നെല്ലാണ് കെട്ടിക്കിടക്കുന്നത്. നെല്ല് സംഭരിക്കേണ്ട സ്വകാര്യ മില്ലായ സെന്റ് ജോർജ് സിവിൽ സപ്ലൈസ് അധികൃതരുമായി ചർച്ച നടത്തിയ ശേഷമേ നെല്ല് സംഭരണത്തിനു മുതിരുവെന്നാണ് കർഷകരെ അറിയിച്ചിരിക്കുന്നത്.കർഷകർ നെല്ല് സംഭരണത്തിനായി സിവിൽ സപ്ലൈസ് അധികൃതരെ സമീപിച്ചെങ്കിലും തൃപ്തികരമായ മറുപടി കർഷകർക്കു ലഭിച്ചില്ല. 110 ഏക്കറുമുള്ള അരികുപുറം പാടശേഖരത്തിൽ 70 കർഷകരുടെ 1750 ക്വിന്റലിലധികം നെല്ലാണ് സംഭരിക്കാനുള്ളത് 55 ഏക്കറുള്ള കട്ടമടയിൽ 72 കർഷകരുടെ 1050 ക്വിന്റലോളമാണ് കെട്ടിക്കിടക്കുന്നത്. വെച്ചൂരിലെ ചില പാടങ്ങളിൽ ഇക്കുറി നാഷണൽസീഡ് കോർപ്പറേഷനിൽ നിന്നു ലഭിച്ച വിത്താണ് വിതച്ചത്.ഇതിൽ നല്ലൊരു പങ്ക് കിളിർക്കാതെ പോയതിനാൽ കർഷകർക്ക് വേറെ വിത്തു വാങ്ങി വിതയ്‌ക്കേണ്ടി വന്നു.ഇത് കൃഷി വൈകിപ്പിച്ചുവെങ്കിലും മികച്ച വിളവാണ് ലഭിച്ചത്. വേനൽമഴ കനത്തുപെയ്യുന്നതിനാൽ നെല്ല് കിളിൽത്ത് നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.