chinnamma
ചിന്നമ്മ

കട്ടപ്പന: കൊച്ചുതോവാളയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞെങ്കിലും കൊലയാളിയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തലെത്തിയതോടെ അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. കഴിഞ്ഞ എട്ടിന് പുലർച്ചെയാണ് കൊച്ചുതോവള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ(65) മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നമ്മയുടെ ശരീരത്തിൽ നിന്ന് കാണാതായ ആഭരണങ്ങൾ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫോറൻസിക് സംഘവും വിരടയാള വിദഗ്ദ്ധരും പരിശോധന നടത്തിയിട്ടും പുറത്തുനിന്നുള്ള മറ്റാരെങ്കിലും വീടിനുള്ളിൽ കയറിയതായുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങളും പണവും കളവ്‌പോകാത്തതിനാൽ കവർച്ച നടന്നതായി സംശയിക്കാനാകില്ല. മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന് സംശയിക്കത്തക്ക തെളിവുമില്ല. കൂടാതെ ചിന്നമ്മയുടെ ശരീരത്തിൽ മുറിവുകളോ മൃതദേഹം കാണപ്പെട്ട മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ല. ആഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ കൊലയാളിയെ സംബന്ധിച്ച സൂചനകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഭർത്താവ് ജോർജ്, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽവാസികൾ അടക്കം 60ൽപ്പരം പേരുടെ മൊഴിയെടുത്തെങ്കിലും അസ്വഭാവികമായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കട്ടപ്പന ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാർ, സി.ഐ. ബി. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി അടക്കം രംഗത്തെത്തിയിരുന്നു. കൂടാതെ ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും നീക്കം നടക്കുന്നുണ്ട്.