വെച്ചൂർ : വെച്ചൂരിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളിച്ചുകൂട്ടിയ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. നാളെ മുതൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി എട്ടിന് അടക്കും. ഇതിനായി ഇന്ന് വ്യാപാരികളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടേയും യോഗം വിളിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പൊലിസിന്റെ പട്രോളിംഗ് ഊർജിതമാക്കും. പഞ്ചായത്തിലുടനീളം മൈക്ക് അനൗൺസ്‌മെന്റ്, നോട്ടീസ് വിതരണം എന്നിവ നടത്തും. വാർഡ് മെമ്പർ ചെയർമാനും ആരോഗ്യ പ്രവർത്തകൻ കൺവീനറുമായ വാർഡുതല മോണിറ്ററിംഗ് കമ്മിറ്റി സ്ഥിതിഗതികൾ വിലയിരുത്തി. വിവാഹമടക്കമുള്ള ആഘോഷങ്ങളിൽ നിർദ്ദേശങ്ങൾ പാലിച്ച് പരമാവധി ആളെ കുറയ്ക്കുന്നതിനും ബന്ധപ്പെട്ടവർ ജാഗ്രത കാട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ അദ്ധ്യക്ഷത വഹിച്ചു.