കട്ടപ്പന: നിയന്ത്രണങ്ങൾ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കട്ടപ്പന നഗരത്തിലെത്തിയത് ആശങ്കയ്ക്കിടയാക്കി. കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ ഇന്നലെ നൂറുകണക്കിന് ആളുകളാണ് ചന്തയിലും കുന്തളംപാറ റോഡിലുമായി തമ്പടിച്ചത്. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഭൂരിഭാഗം പേരെയും മടക്കിയയച്ചു. കൂടാതെ വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശങ്ങളും നൽകി. ഹൈറേഞ്ചിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികൾ കുടുംബസമേതമാണ് ഞായറാഴ്ച രാവിലെ മുതൽ കട്ടപ്പനയിലെത്തുന്നത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങൾക്കു പുറമേ കുന്തളംപാറ റോഡും ചന്തകളുമാണ് ഇവരുടെ പ്രധാന താവളങ്ങൾ. ഒരാഴ്ചത്തേയ്ക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാനും മറ്റിടങ്ങളിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരെ കാണാനുമായി എത്തുന്ന ഇവർ വൈകുന്നേരത്തോടെയാണ് തിരികെ മടങ്ങുന്നത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാനക്കാർ കൂട്ടമായി താമസിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. നഗരസഭാ പരിധിയിൽ രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്.