പാലാ:'ദേ പോയി... ദാ വന്നു.' നെല്ലിയാനി വഴിയുള്ള യാത്രക്കാർ ഒരേസ്വരത്തിൽ പറയുകയാണ്. പക്ഷേ ആരോടു പറയാൻ.....? ആരു കേൾക്കാൻ .......?
കൊട്ടാരമറ്റം നെല്ലിയാനി റോഡിലെ മരണക്കുഴി മൂടിയിരുന്ന മെറ്റിലുകൾ ഇന്നലത്തെ മഴയിൽ വീണ്ടും ഒലിച്ചുപോയി; കുഴി ബാക്കിയായി.
പി.ഡബ്ലി.യു.ഡി അധികൃതരുടേത് വല്ലാത്ത പണിയായിപോയെന്ന് നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നു.
വാട്ടർ അതോറിറ്റിയുടെ പൈപ്പിടാൻ കുഴിയെടുത്ത് മൂടാതെ കിടന്ന ഭാഗങ്ങൾ ഗർത്തങ്ങളായപ്പോഴെല്ലാം നാട്ടുകാർ പരാതിപ്പെട്ടു. നാലു തവണ നാട്ടുകാരുടെ പരാതി. നാലു തവണയും മെറ്റിൽ മാത്രമിട്ടു കുഴി നികത്തി . ടാർ ചെയ്യാൻ അധികാരികൾക്ക് മടി.
വീണ്ടും കുഴി. മൂന്നു ദിവസം മുമ്പും ഇതാവർത്തിച്ചു. കഴിഞ്ഞദിവസവും പി.ഡബ്ലി.യു.ഡി അധികൃതരെത്തി മെറ്റിലിട്ടു.
ദേ ഇന്നലത്തെ മഴയിൽ മെറ്റിലൊഴുകി വീണ്ടും കുഴി. നാളെയും വരും ഓട്ടയടക്കാൻ. ഇത്തവണ മെറ്റിൽ മാത്രം നിറച്ചിട്ട് പി.ഡബ്ലി.യു.ഡി ക്കാർ ഒന്നു പോകുന്നതു കാണണമെന്ന് നാട്ടുകാർ. പരാതി പറഞ്ഞു മടുത്ത ജനം രണ്ടും കൽപ്പിച്ചാണ്.
ഇന്നലെ മഴയത്ത് കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ കൂടി പറ്റിയതോടെ ജനരോഷം അണപൊട്ടുകയാണ്.