കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം വേണമെന്ന് ആവശ്യം
കുമരകം: ഒരു നാടിന്റെയാകെ ആശ്രയമാണ്. പക്ഷേ അത്യാവശ്യഘട്ടങ്ങളിൽ നാട്ടുകാർക്ക് ഉപകാരമില്ലെന്ന് വെച്ചാൽ. തിരുവാർപ്പ്, അയ്മനം കുമരകം പഞ്ചായത്തുകളിലെ സാധാരണക്കാർ ആശ്രയിക്കുന്ന കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് രാത്രികാലങ്ങളിൽ ചികിത്സ തേടിയെത്തിയാൽ നിരാശയാകും ഫലം. രാത്രി ഡോക്ടർമാരുടെ സേവനം ഇല്ലാത്തതാണ് രോഗികളെ വലക്കുന്നത്. 250 മുതൽ 500 വരെ രോഗികളാണ് പ്രതിദിനം സി.എച്ച്.സിയിൽ ചികിത്സതേടി എത്തുന്നത്. എട്ടു ഡോക്ടർമാർ ഉൾപ്പെടെ 69 ജീവനക്കാരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. ആരംഭകാലത്ത് കുമരകം ഗവൺമെന്റ് ആശുപത്രി എന്ന പേരിൽ പ്രവർത്തിച്ചിരുന്നപ്പോൾ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു. പ്രത്യേക വിഭാഗങ്ങൾ വിഭാഗങ്ങൾ ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. എന്നാൽ പ്രൈമറി ഹെൽത്ത് സെന്ററായതോടെ ഈ സേവനങ്ങൾ എല്ലാം അവസാനിപ്പിച്ചു. പിന്നീട് കമ്മ്യൂണിറ്റി ഹെൽത്തു സെന്റരായി ഉയർത്തിയെങ്കിലും രോഗികൾക്ക് ലഭിക്കുന്ന സേവനങ്ങളിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. സ്ഥലപരിമിധിയാണ് വികസനപ്രവർത്തനങ്ങൾക്ക് തടസം. ആകെയുള്ള 95 സെന്റ് സ്ഥലത്താണ് കോട്ടേജുകൾ, ലാബ് , അൻപത് കിടക്കകളുള്ള വാർഡുകൾ, ഫാർമസി തുടങ്ങിയവ പ്രവർത്തിക്കുന്നത്.
ശിശുരോഗവിദഗ്ദ്ധൻ എവിടെ
വർക്ക് അറേഞ്ച്‌മെന്റ്, കൊവിഡ് എന്നീ കാരണങ്ങളാൽ കഴിഞ്ഞ മാർച്ചിൽ ജില്ലാ ആശുപത്രിയിലേയ്ക്ക് ഡ്യൂട്ടിക്ക് പോയ ശിശുരോഗവിദഗ്ധൻ , ഗൈനക്കോളജിസ്റ്റ് എന്നിവർ ഇതുവരെ കുമരകത്ത് മടങ്ങി എത്തിയിട്ടില്ല. പലപ്പോഴും കോട്ടയം മെഡിക്കൽ കോളേജിലെ ഹൗസ് സർജ്ജൻസ് വരുന്നതാണ് രോഗികളുടെ ഏക ആശ്രയം. രാവിലെ ഒൻപതിന് ആരംഭിക്കുന്ന ഒ.പി ഉച്ചയ്ക്ക് 1.30ന് അവസാനിക്കും.തുടർന്ന് ഉച്ചയ്ക്ക് ശേഷം വൈകിട്ട് ആറ് വരെ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്.