ചങ്ങനാശേരി: ബാറ്റ്മാൻ, സ്‌പൈഡർമാൻ തുടങ്ങി കുട്ടികളുടെ മനം കവർന്ന സൂപ്പർഹീറോകൾക്ക് പിന്നാലെ ക്യാറ്റ്മാനും എത്തുന്നു. ഹോളിവുഡ് സ്‌റ്റൈലിനെ വെല്ലുന്ന വി.എഫ്.എക്‌സ് ഇഫക്ടിലൂടെയാണ് ചങ്ങനാശേരി കുരിശുംമൂട് സ്വദേശി ഡോ.സുവിധ് വിൽസൺ തിരക്കഥയെഴുതി ക്യാറ്റ്മാൻ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. സാറ്റലൈറ്റ് സംവിധാനത്തിലൂടെ ആദ്യമായാണ് ഒരു ഷോർട്ട് ഫിലിം വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്. കൈരളി വി ചാനലിലൂടെ 25ന് വൈകിട്ട് 6 മുതൽ 6.30 വരെയാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കൊവിഡ് വൈറസ് ബാധയാണ് ചിത്രത്തിന്റെ തീം. ലോകം മുഴുവൻ കീഴടക്കിയ വൈറസിനെ രക്ഷിക്കാൻ എത്തുന്ന സൂപ്പർ ഹീറോയുടെ റോളിലാണ് ക്യാറ്റ്മാൻ എത്തുന്നത്. കോമഡി, ആക്ഷൻ, ഫാന്റസി എന്നിവയ്ക്ക് പ്രാധാന്യം നൽകി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. യക്ഷിയും ഞാനും എന്ന സിനിമയിലെ ഗൗതം ആണ് നായക കഥാപാത്രമായി എത്തുന്നത്. വില്ലനായി ഡോ.നിഖിലും നായികയായി ശിഖാസ് സദ്വലുമാണ് എത്തുന്ന ചിത്രത്തിൽ സത്യപാൽ, ജിജാജി എന്നിവർ മറ്റ് കഥാപാത്രങ്ങളാകുന്നു. പേർഷ്യൻ പൂച്ചകളും ഫോറിൻ നായകളും കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബിനോയ് ആന്റണിയാണ്. കാമറ: പ്രജിൽ മോഹൻ. ഹോളിവുഡ് മോഡലിൽ ചങ്ങനാശേരിയുടെ വിവിധ പ്രദേശങ്ങളും കെട്ടിടങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. കഴിഞ്ഞ ഡിസംബറിൽ അഞ്ച് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ഹണി റോസ്, അനുസിത്താര എന്നിവർ ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം അഞ്ച് ലക്ഷം പേർ കണ്ടുകഴിഞ്ഞു. ദന്തൽ ഡോക്ടർ കൂടിയായ ഡോ സുവിധ് 2013ൽ ബാൻഗിൾസ് എന്ന ചിത്രവും നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.