കോട്ടയം: രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന് വൻ തിരക്ക്. ആയിരങ്ങളാണ് ഇന്നലെ രാവിലെ ബേക്കർ സ്‌കൂളിലെ വാക്‌സിൻ വിതരണ കേന്ദ്രത്തിൽ എത്തിയത്. സ്കൂളിൽ നിന്ന് ക്യൂ ബേക്കർ ജംഗ്ഷനിലേയ്‌ക്കും നീണ്ടു. രണ്ടാം ഘട്ട വാക്‌സിൻ വിതരണത്തിനുള്ളവർ എത്തണമെന്ന് ആരോഗ്യവകുപ്പ് പൊതുവായി നൽകിയ നിർദേശമാണ് ആളുകളെ കൂട്ടത്തോടെ എത്തിച്ചത്.
ആയിരം പേർക്കുള്ള വാക്‌സിൻ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ, രണ്ടായിരത്തിലേറെ പേർ ഇവിടെനിന്ന് ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇന്നലെ എല്ലാവരും രജിസ്റ്റർ ചെയ്‌ത ശേഷമാണ് എത്തിയതും. എന്നാൽ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർ എല്ലാം എത്തണമെന്ന അറിയിപ്പ് നൽകിയത് ആശയക്കുഴപ്പമുണ്ടാക്കിത്. കൊവിഡ് രണ്ടാം വരവ് അതിരൂക്ഷമായിരിക്കെയാണ് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ ജാഗ്രതാ നിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ആളുകൾ ഒത്തുകൂടുന്നതിന് ഇടയാക്കിയത്. കൂട്ടമായി എത്തിയവരെ നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പോ പൊലീസോ യാതൊരു ക്രമീകരണവും ഏർപ്പെടുത്തിയിരുന്നില്ല. ആളുകൾ തോന്നും പടി ക്യൂ നിന്നു. അറുപത് വയസിനു മുകളിൽ പ്രായമുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുമായിരുന്നു ഇവരിൽ ഏറെയും. അകലം പാലിക്കുന്നതിനുള്ള നിർദേശം നൽകാൻ പോലും ആരും തയ്യാറായില്ല. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ആരും ഇല്ലായിരുന്നു താനും.
ടോക്കൺ എടുക്കുന്നതിനുള്ള കൂവിൽ പലരും മണിക്കൂറുകളോളം നിന്നു. പിന്നീട് വാക്സിൻ സ്വീക
രിക്കാനായി പിന്നെയും കാത്തിരിക്കേണ്ടി വന്നു.
പൊല്ലാപ്പായി ആപ്പ്
ആരോഗ്യ സേതു ആപ്പ് വഴി രജിസ്റ്റർ ചെയ്‌തവർക്കാണ് വാക്‌സിൻ എടുക്കാൻ സാധിക്കുന്നത്. ഒരു നമ്പരിൽ നിന്ന് രണ്ടു പേർക്ക് രജിസ്റ്റർ ചെയ്യാം. എന്നാൽ, രജിസ്റ്റർ ചെയ്യുന്നവർക്ക് വാക്‌സിൻ കേന്ദ്രം തിരഞ്ഞടുക്കാൻ പറ്റുന്നില്ലെന്നതാണ് പ്രധാന പരാതി. വാക്‌സിൻ കേന്ദ്രത്തിൽ എത്തിയ ശേഷം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടി വരുന്നുണ്ട്.