കോട്ടയം: കൊവിഡ് വീണ്ടും വ്യാപകമായതോടെ കെ.എസ്.ആർ.ടി.സി പുതിയതായി ആരംഭിക്കാനിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസ് താളംതെറ്റി. കുമളി ഡിപ്പോയിൽ നിന്ന് രാവിലെ എട്ടിന് ആരംഭിച്ച സർവീസ് ആണ് ആരംഭത്തിൽ തന്നെ നിലയ്ക്കുന്ന അവസ്ഥയിലായത്. രാവിലെ എട്ടിന് കുമളിയിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 6.30ന് തിരിച്ചെത്തുന്ന വിധമാണ് ഷെഡ്യൂൾ ക്രമീകരിച്ചത്. കൊവിഡ് ശക്തി പ്രാപിച്ചതോടെ സർവീസ് എത്ര ദിവസം ഉണ്ടാവുമെന്ന് പറയാൻ സാധിക്കില്ല. ഈ സർവീസ് ഉടൻ തന്നെ നിർത്തിയേക്കുമെന്നാണ് അറിയുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ പരുന്തുംപാറ, വാഗമൺ, അയ്യപ്പൻകോവിൽ, തൂക്കുപാലം, അഞ്ചുരുളി വെള്ളച്ചാട്ടം, രാമക്കൽമേട്, ചെല്ലാർകോവിൽമെട്ട് എന്നിവിടങ്ങളിൽ ടൂറിസ്റ്റുകളെ എത്തിക്കുവാനുള്ള പദ്ധതിയായിരുന്നു കെ.എസ്.ആർ.ടി.സി സംവിധാനം ചെയ്തത്. പരുന്തുംപാറ, വാഗമൺ, രാമക്കൽമേട്, ചെല്ലാർകോവിൽ എന്നിവിടങ്ങളിൽ ഒരു മണിക്കൂർ വീതവും അയ്യപ്പൻകോവിൽ, അഞ്ചുരുളി കേന്ദ്രങ്ങളിൽ അരമണിക്കൂർ വീതവും സമയം ചെലവഴിക്കാൻ സഞ്ചാരികൾക്ക് സാധിക്കും വിധമാണ് ഷെഡ്യൂൾ തയ്യാറാക്കിയിരുന്നത്.
ഈ സമയങ്ങളിൽ ബസിൽ എത്തുന്ന സഞ്ചാരികൾക്ക് ഈ പ്രദേശങ്ങൾ ചുറ്റി സഞ്ചരിക്കുന്നതിനുള്ള സംവിധാനങ്ങളും കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയിരുന്നു. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുത്തൻ പദ്ധതിയുമായി മാനേജ്മെന്റ് രംഗത്ത് വന്നത്. കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസ്റ്റ് കേന്ദ്രങ്ങളെ സജീവമാക്കുക എന്നതും നൂതന ആശയത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നു.
ആദ്യ സർവീസിന്റെ പ്രവർത്തനം പരിശോധിച്ച് കൂടുതൽ സർവീസ് ആരംഭിക്കുന്നതിനുള്ള ലക്ഷ്യവും മാനേജ്മെന്റിനുണ്ട്. ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു മാസം മുമ്പ് തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് മെമ്പർ സി.വി. വർഗീസ് വിളിച്ചുചേർത്ത ജില്ലാതല മീറ്റിംഗിലാണ് പുതിയ സർവീസ് ആരംഭിക്കുന്നതിനുള്ള തീരുമാനമെടുത്തത്.