കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ അന്യ സംസ്ഥാന തൊഴിലാളികൾ സ്വന്തം ദേശത്തേക്ക് പാലായനം തുടങ്ങി. ഇതോടെ ചിങ്ങവനം-ഏറ്റുമാനൂർ റെയിൽവേ പാതയുടെ പണി മന്ദഗതിയിലായി. എറണാകുളം-കായംകുളം ഇരട്ടപ്പാത ഡിസംബറിൽ തുറന്നുകൊടുക്കുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇരട്ടപ്പാതയിലൂടെ ട്രെയിൻ ഓടാൻ ഇനിയും കാത്തിരിക്കേണ്ടി വരും. റെയിൽവേയുടെ കർശന നിർദ്ദേശത്തെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ നടക്കുന്നതിനിടയിലാണ് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായത്.
ഇനിയും പണികളേറെ
ഇതിനോടകം ഏറ്റുമാനൂർ-കുറുപ്പന്തറ റീച്ചും ചിങ്ങവനം-കായംകുളം റീച്ചും പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റുമാനൂർ-ചിങ്ങവനം 16.8 കിലോ മീറ്റർ റീച്ച് പൂർത്തിയാക്കിയാലേ ഇരട്ടപ്പാത യാഥാർത്ഥ്യമാവുകയുള്ളു. മീനച്ചിലാറിനു കുറുകെയുള്ള നീലിമംഗലം പാലം, എസ്.എച്ച് മൗണ്ടിനു സമീപമുള്ള പാലം എന്നിവയും പൂർത്തിയാക്കേണ്ടതുണ്ട്. നീലിമംഗലത്തും റെെയിൽവേ പാലംപണി നടന്നുവരികയാണ്. മുട്ടമ്പലത്ത് 610 മീറ്റർ നീളമുള്ള പാലത്തിന്റെ പൈലിംഗ് ജോലികൾ ഒച്ചിഴയുന്ന വേഗതയിലാണ് ഇപ്പോൾ നടക്കുന്നത്. റബർബോർഡിന് സമീപമുള്ള റെയിൽവേ ഓവർബ്രിഡ്ജിന്റെ പണി പകുതിയോളം പൂർത്തിയായി. ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി. കഴിഞ്ഞ ദിവസം എട്ട് പീസുകൾ എത്തിയിരുന്നു. ആകെ 20 ഗർഡറുകളാണ് ഇവിടെ സ്ഥാപിക്കേണ്ടത്. ജൂണിൽ പാലം തുറന്നുകൊടുക്കാനായിരുന്നു റെയിൽവേയുടെ തീരുമാനമെങ്കിലും ഇത് തുറന്നുകൊടുക്കാനും കാലതാമസമുണ്ടാവുമെന്നാണ് അറിയുന്നത്. ഗർഡറുകൾ യോജിപ്പിച്ചശേഷം അതിന് മീതെ സ്ലാബിട്ട് പിന്നീടാണ് ടാർ ചെയ്യുക. കഞ്ഞിക്കുഴി മേൽപ്പാലം പണിത അതേ മാതൃകയിലാണിതും ചെയ്യുന്നത്. സ്ലാബ് നിർമ്മാണത്തിന് മുൻപ് ക്രാഷ് ഗാർഡുകളും മറ്റും നിർമ്മിക്കും. മൊത്തം 10.3 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുക. 7.5 മീറ്ററിലാണ് വാഹനങ്ങൾക്കുള്ള ഇടം. ഒരുവശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. കൊടൂരാറിനു കുറുകെയുള്ള പാലം പണി നടക്കുന്നുണ്ടെങ്കിലും മണ്ണിന് തീരെ ഉറപ്പു കുറവായതിനാൽ ഉദ്ദേശിച്ചതിൽ കൂടുതൽ ആഴത്തിൽ പൈലിംഗ് നടത്തേണ്ടതായി വന്നിട്ടുണ്ട്. ഇതും നിർമ്മാണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ നിലവിലുള്ള റെയിൽവേ പാതക്ക് ഒന്നരയടിയോളം ഇരുത്തൽ വന്നിട്ടുണ്ട്. അതിനാൽ പാലത്തിനോട് ചേർന്ന് ഇരുവശത്തും കോൺക്രീറ്റ് അപ്രോച്ച് പാലവും നിർമ്മിക്കും. ഈ ഭാഗത്ത് പാടത്തുകൂടിയാണ് പാത കടന്നുപോവുന്നത്. മണ്ണ് ഇരുത്തിയാലും അപ്രോച്ച് റോഡ് നിർമ്മിച്ചാൽ അത് റെയിൽ ഗതാഗതത്തിന് ദോഷം വരില്ലായെന്നാണ് റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം വ്യക്തമാക്കുന്നത്.
പണി കൊടുത്ത് പേമാരിയും കൊവിഡും
കഴിഞ്ഞ വർഷത്തെ പേമാരിയെ തുടർന്ന് പാത ഇരട്ടിപ്പിക്കൽ ജോലി സ്തംഭനാവസ്ഥയിലായിരുന്നു. കൂടാതെ കൊവിഡ് ബാധയെ തുടർന്ന് തൊഴിലാളി ക്ഷാമം നേരിട്ടതോടെ മാസങ്ങളായി ഇരട്ടിപ്പിക്കൽ ജോലി നിർത്തിവയ്ക്കേണ്ടതായും വന്നിരുന്നു. ഇതോടെയാണ് ഏറ്റുമാനൂർ-ചിങ്ങവനം റീച്ചിന്റെ പണി വർഷങ്ങൾ നീണ്ടുപോവാൻ കാരണം.