മാർഗനിർദേശങ്ങൾ പുറത്തിറക്കി
കട്ടപ്പന: കൊവിഡ് രണ്ടാം തരംഗം മറയാക്കി നടത്തിയ അന്യ സംസ്ഥാന തൊഴിലാളി കടത്തിന് തടയിടാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ജില്ലയിലെ 4 ചെക്ക്‌പോസ്റ്റുകളിലും ഇന്നലെ വൈകുന്നരം മുതൽ പരിശോധന കർശനമാക്കി. നിയന്ത്രണങ്ങൾ ലംഘിച്ച് അന്യ സംസ്ഥാന തൊഴിലാളികളെ ടൂറിസ്റ്റ് ബസുകളിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതും അവിടെയുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നതും സംബന്ധിച്ച് 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ചെക്ക്‌പോസ്റ്റുകളിൽ റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, ലേബർ എന്നീ വകുപ്പുകളിലെ 2 ജീവനക്കാരെ വീതം 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
കൂടാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഇതിന്റെ ഭാഗമായി അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന മുഴുവൻ പേരും ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് സംസ്ഥാനത്ത് എത്തിച്ചേർന്ന ഉടൻതന്നെ ടെസ്റ്റ് നടത്തേണ്ടതും പരിശോധനഫലം വരുന്നതുവരെ റൂം ഐസോലേഷൻ തുടരേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
രണ്ടാഴ്ചയിലധികമായി കട്ടപ്പനയടക്കം വിവിധ സ്ഥലങ്ങളിൽ നിന്ന് തൊഴിലാളികളെ അസം, ചത്തീസ്ഗഢ്, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്നുള്ളവരെ കേരളത്തിലേക്ക് കടത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച തൊഴിലാളികളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകാനിരുന്ന അഞ്ച് ടൂറിസ്റ്റ് ബസുകളിൽ കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തിയിരുന്നു.