money

കോട്ടയം: കേന്ദ്ര സർക്കാർ ക്യാഷ് ലെസ് ഇക്കോണമിയെ പ്രോത്സാഹിക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ ഡിജിറ്റൽ സാമ്പത്തിക ഇടപാട് ഉയർന്നത് അൻപത് ശതമാനത്തോളം. കൊവിഡിന്റെ പശ്ചാത്തലത്തിൽ എ.ടി.എം സേവനം ഒഴിവാക്കി തുടങ്ങിയവർ പിന്നീടത് ശീലമാക്കിയെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നത്.

കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ഭീതിയിലാണ് ആളുകൾ എ.ടി.എം സേവനം പരമാവധി ഒഴിവാക്കിയത്. ഇതോടെ എ.ടി.എമ്മുകളിൽ പണമില്ലാത്ത അവസ്ഥയും കുറഞ്ഞു. ഹോട്ടലുകൾ മുതൽ പെട്രോൾ പമ്പുവരെ ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യം ഉറപ്പാക്കിയതും കൂടുതൽ പേർ പ്രയോജനപ്പെടുത്തി. ഇ -വാലറ്റുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. നോട്ടുകൾ പല കൈ മറിഞ്ഞ് വരുന്നതിനാൽ സുരക്ഷിതമല്ലെന്ന ബോദ്ധ്യം മൂലം പണമിടപാടുകൾ ഡിജിറ്റൽ മേഖലയിലൂടെ നടത്തപ്പെട്ടു. ഹോട്ടലുകളിൽ പോയിരുന്ന് കഴിക്കുന്നതിന് പകരം ഫുഡ് ഡെലിവറി ആപ്പുകളുടെ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണവും ഉയർന്നു.


പ്രിയം മണി ട്രാൻസ്ഫർ

ഗൂഗിൾ പേ, വിവിധ ബാങ്കുകളുടെ മൊബൈൽ പേ തുടങ്ങിയ മണി ട്രാൻസ്ഫർ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. എല്ലാവരുടേയും കൈകളിൽ സ്മാർട്ട് ഫോണുകളായതോടെ ഡിജിറ്റൽ ഇടപാടിന്റെ സാദ്ധ്യത വർദ്ധിച്ചു. ചെറുകടകളിൽ വരെ മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്നതിനുള്ള ക്യൂ ആർ കോഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.

പെട്ടെന്നുണ്ടായ മാറ്റം

 യുവാക്കളേറെയും താത്പര്യപ്പെടുന്നത് ഡിജിറ്റൽ ഇടപാട്

 തർക്കത്തിനിടയില്ലാത്ത വിധം പണമിടപാട് സുതാര്യം

 നെറ്റ് വർക്ക് പ്രശ്നങ്ങളുണ്ടെങ്കിലും കാര്യമായി ബാധിച്ചിട്ടില്ല

 കൈയിൽ പണം കൊണ്ടു നടക്കേണ്ടാത്തതിനാൽ റിസ്ക് ഫ്രീ

'' ഇത്രയധികം ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചത് ഇതാദ്യമാണ്. മുൻപും നെറ്റ് ബാങ്കിംഗ് സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും കൊവിഡിന് ശേഷമിത് ജനകീയമായി. അക്കൗണ്ട് ആരംഭിക്കുമ്പോൾ തന്നെ എല്ലാവരുടേയും ഫോണുകളിലും ബാങ്ക് നേരിട്ട് ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബാങ്കിന്റെ നിർദേശങ്ങൾ പാലിച്ച് ഡിജിറ്റൽ ഇപടുകൾ നടത്തണമെന്നേയുള്ളൂ''-

- ബാങ്ക് ഉദ്യോഗസ്ഥർ