കട്ടപ്പന: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ കട്ടപ്പന നഗരസഭയും ആരോഗ്യ വകുപ്പും ചേർന്ന് വാർഡുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ തുടങ്ങി. മേയ് 6ന് മുമ്പ് 13 കേന്ദ്രങ്ങളിൽ ക്യാമ്പ് നടത്തി 45 വയസ് കഴിഞ്ഞ 3000ൽപ്പരം പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം. ഇന്നലെ കൊച്ചുതോവാള പാരിഷ് ഹാളിലെ ക്യാമ്പിലെത്തി 300 പേർ വാക്‌സിൻ സ്വീകരിച്ചു.
21ന് മുളകരമേട് പാരിഷ് ഹാൾ, 22ന് അമ്പലക്കവല എസ്.എൻ. ഓഡിറ്റോറിയം, 23ന് കൊച്ചുതോവാള എസ്.എൻ. ഓഡിറ്റോറിയം, 26ന് തൊവരയാർ പാരിഷ് ഹാൾ, 27ന് വെള്ളയാംകുടി പാരിഷ് ഹാൾ എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് വാക്‌സിനേഷന് അവസരം. ഓൺലൈനായോ ആശ പ്രവർത്തകർ വഴിയോ രജിസ്റ്റർ ചെയ്യാം. നഗരസഭ പരിധിയിൽ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് വാർഡുതലത്തിൽ ക്യാമ്പ് നടത്താൻ തീരുമാനിച്ചത്.