കടുത്തുരുത്തി: ശ്രീനാരായണ മന്ത്രധ്വനികൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ എസ്.എൻ.ഡി.പി യോഗം മധുരവേലി 928ാം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടന്നു. ക്ഷേത്രാചാര്യൻ സ്വാമി ധർമ്മചൈതന്യ, വിളക്കുമാടം സുനിൽ തന്ത്രി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രതിഷ്ഠാചടങ്ങിന് ശേഷം ജീവകലശാഭിഷേകം, അഷ്ടബന്ധം ചാർത്തൽ, ധ്വജപ്രതിഷ്ഠ പരിവാര പ്രതിഷ്ഠ, ശതകലശാഭിഷേകം, മഹാഗുരുപൂജ എന്നിവയും നടന്നു. സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.
വൈകിട്ട് നടന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശ്ശേരി ക്ഷേത്രം നാടിന് സമർപ്പിച്ചു. ശാഖാ ഓഫീസ് മന്ദിരത്തിന്റെ സമർപ്പണം യൂണിയൻ സെക്രട്ടറി എൻ.കെ രമണനും തിടപ്പള്ളി സമർപ്പണം യോഗം കൗൺസിലർ സി.എം ബാബുവും നിർവഹിച്ചു. യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ, ശാഖാ പ്രസിഡന്റ് പി.എം.ശശി, വൈസ് പ്രസിഡന്റ് എൻ.കെ.പ്രകാശൻ, സെക്രട്ടറി പി.കെ.പ്രശോഭനൻ, കെ.സോമൻ, ബീന അപ്പുക്കുട്ടൻ, അഖിൽ എൻ.ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് വിളക്കുമാടം സുനിൽ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 8 മുതൽ കലശപൂജ, കലശാഭിഷേകം, വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭഗവത് സേവ.
നാളെ രാവിലെ 8ന് കലശപൂജ കലശാഭിഷേകം മഹാഗുരുപൂജ. വ്യാഴാഴ്ച്ച രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം 8 ന് കലശപൂജ കലശാഭിഷേകം.