കുമരകം: കുമരകത്ത് പൊതുസ്ഥലങ്ങളിൽ കറങ്ങി നടന്ന് പരിഭ്രാന്തി പരത്തിയ കൊവിഡ് രോഗിയെ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ആപ്പിത്ര സ്കൂളിന് സമീപത്ത് താമസിക്കുന്ന 75 കാരനാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും കുമരകത്തെ വിവിധ ആശുപത്രികളിൽ എത്തിയത്. 16 ന് കമ്യൂണിറ്റ് ഹെൽത്ത് സെന്ററിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാവിലെ കുമരകം ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി , കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ കാലിലെ മുറിവിന് മരുന്ന് വാങ്ങാൻ ഇയാൾ എത്തിയിരുന്നു. കൊവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം ഇയാൾ മറച്ച് വച്ചിട്ടായിരുന്നു ഇടപെടൽ. തിരക്കേറിയ ഗവ.ആശുപത്രിയിലെ ഒ.പി യിൽ കറങ്ങി നടന്ന ഇയാളെ ആശുപത്രി ജീവനക്കാരൻ തിരിച്ചറിയുകയും പോകാൻ ആവശ്യപ്പെടുകയും ചെയ്തു . എന്നാൽ അതിനു തയ്യാറാകാതെ ആശുപത്രി ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. പി.പി.ഇ.കിറ്റ് ധരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും ഇയാൾ വിട്ടിലേക്ക് പോയിരുന്നു. തുടർന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും വീട്ടിൽ ചെന്ന് ഇയാളെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കുമരകം എസ്.ഐ.സുരേഷ്, എ.എസ്.ഐ.എ ജിസൺ, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ, ആശുപത്രി വികസന സമിതി അംഗം ടോണി എന്നിവർ നേതൃത്വം നൽകി.