stall

ചങ്ങനാശേരി: ഒരു കാലത്ത് പാതയോരങ്ങൾ കീഴടക്കിയ കുലുക്കി സർബത്ത്, ഫുൾജാർ സോഡ കാണാനില്ല. ദിനംപ്രതി രൂക്ഷമാകുന്ന കൊവിഡ് വ്യാപനവും ഉച്ച കഴിഞ്ഞ് പെയ്യുന്ന വേനൽമഴയും ശീതളപാനീയ വിപണിയെ തകർത്തു. വേനലവധിക്കാലത്താണ് കൂടുതലായി വിവിധ തരത്തിലുള്ള ശീതളപാനീയങ്ങൾ വിപണിയിൽ ഇറങ്ങുന്നത്. ചൂട് കൂടുതൽ അനുഭവെപ്പടുന്ന മാസമാണ് ഏപ്രിൽ. ഏത് പ്രതികൂല സ്ഥിതിയിലും ഉപ്പും മധുരവും സോഡയും ചേർത്ത നാരങ്ങവെള്ളത്തിനോടാണ് മലയാളിക്ക് എന്നും പ്രിയം. മുൻ വർഷങ്ങളിലേതിനേക്കാൾ വിപണിയിലെ സ്റ്റാറായി ഇളനീരും കരിമ്പിൻ ജ്യൂസും നാരങ്ങയുമായിരുന്നു. കൃത്രിമ ശീതളപാനീയങ്ങൾ വ്യാപകമായതോടെയാണ് ഇളനീരിനും കരിമ്പിനും നാരങ്ങയ്ക്കും പ്രിയമേറിയത്. കരിക്കിന് 40,50, കരിമ്പിൻ ജ്യൂസിന് 30, നാരങ്ങ വെള്ളത്തിന് 20 എന്നിങ്ങനെയാണ് വില. എന്നാൽ, കൊവിഡ് രോഗവ്യാപനവും കാലാവസ്ഥയും കച്ചവടത്തെയും ബാധിച്ചു. മുൻപൊക്കെ തിങ്ങിനിറഞ്ഞ് പാനീയങ്ങൾ കുടിക്കാൻ എത്തിയിരുന്ന ആളുകളുടെ എണ്ണം വിരലിലെണ്ണാവുന്നതിലേക്ക് ചുരുങ്ങി. സംഭാരം, നാരങ്ങ സർബത്ത്, തണ്ണിമത്തൻ ജ്യൂസ്, കരിമ്പ് ജ്യൂസ്, ഇളനീർ, കാരറ്റ്, പപ്പായ, പൈനാപ്പിൾ, ഷമാം, ഓറഞ്ച് തുടങ്ങി വിവിധ തരത്തിലുള്ള ശീതള പാനീയങ്ങളാണ് വിപണി കീഴടക്കിയിരുന്നത്. എന്നാൽ, ഇന്ന് ഇതെല്ലാം ഉണ്ടെങ്കിലും കച്ചവടം നഷ്ടമാണെന്നാണ് വ്യാപാരികൾ പറയുന്നത്. റോഡരികുകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും രോഗവ്യാപനത്തെ തുടർന്ന് ഭക്ഷണപാനീയങ്ങൾ പുറത്തു നിന്നും ഒഴിവാക്കണമെന്ന നിർദ്ദേശവും ആരോഗ്യ പരിപാലനവും മൂലം കച്ചവടത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ചങ്ങനാശേരി പുതൂർപ്പള്ളി കോംപ്ലക്‌സിനുള്ളിൽ സിനിമാ പേരുകളും സിനിമാ ഡയലോഗുകളും ഉൾപ്പെടുത്തിയാണ് ശീതളപാനീയങ്ങൾ അറിയപ്പെടുന്നത്.