കോട്ടയം: നെല്ലിന് വിലയിടിച്ചുള്ള സ്വകാര്യമില്ലുകളുടെ കള്ളക്കളി ഇല്ലാതാക്കാൻ കൃഷി വകുപ്പ് മുൻകൈയെടുത്ത് സംഭരണത്തിനായി 18 സഹകരണ സംഘങ്ങളെ രംഗത്തിറക്കിയെങ്കിലും ഫലപ്രദമായില്ല. സർക്കാർ സംവിധാനം അമ്പേ പാളുകയായിരുന്നു. പതിവുപോലെ സ്വകാര്യ മില്ലുകൾ കൊള്ള ലാഭം കൊയ്യുകയും ചെയ്തു. കടം കയറി പ്രതീക്ഷ നഷ്ടപ്പെട്ട നെൽകർഷകർ ഇനി കൃഷി ചെയ്യാനില്ലെന്ന നിലപാടിലാണ്.
സ്വകാര്യമില്ലുകളുടെ ചൂഷണം ഒഴിവാക്കാനാണ് സഹകരണ സംഘങ്ങളെ കളത്തിലിറക്കിയത്. സംഭരിക്കുന്നതിനൊപ്പം കർഷകർക്ക് നെല്ലിന്റെ വില ലഭിക്കുമെന്നും സർക്കാർ ഉറപ്പു നൽകിയിരുന്നു. കയറ്റിറക്ക് കൂലി, വാഹന വാടക, സംഭരണശാലാ വാടക, കമ്മിഷൻ തുടങ്ങിയവ അടക്കം കൈകാര്യ ചെലവായി ക്വിന്റലിന് 73 രൂപ സംഘങ്ങൾക്ക് സർക്കാർ നൽകും. സംഭരിക്കുന്ന നെല്ല് സംഘങ്ങൾ സപ്ലൈക്കോയ്ക്ക് കൈമാറും. അരിയാക്കി നൽകുന്ന സംഘങ്ങൾക്ക് ക്വിന്റലിന് 213 രൂപ നൽകും എന്നിങ്ങനെയായിരുന്നു പ്രഖ്യാപനങ്ങൾ.
നെൽകൃഷി കൂടുതലുള്ള വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിൽ സംഭരണം സജീവമാകുന്നതോടെ കൂടുതൽ സംഘങ്ങൾ രംഗത്തെത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി, ഗോഡൗൺ ഇല്ലായ്മ തുടങ്ങി പല കാരണങ്ങൾ നിരത്തി സംഘങ്ങൾ പിൻവലിഞ്ഞു നിന്നു. എല്ലാ വർഷവും ആവർത്തിക്കുന്ന തട്ടിപ്പിന് സഹകരണ സംഘങ്ങൾ വരുന്നതോടെ അറുതി വരുമെന്ന പ്രതീക്ഷ അതോടെ അസ്ഥാനത്തായി.
സ്വകാര്യമില്ലുടമകൾ പഴയതു പോലെ നെല്ലിന് നനവ്, തൂക്ക കുറവ് തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തി ആറ് മുതൽ പത്തുകിലോ വരെ കിഴിവ് ആവശ്യപ്പെട്ടതോടെ നെല്ല് വിൽക്കാൻ കർഷകർ തയ്യാറായില്ല . ഇതിനിടയിൽ വേനൽ മഴയെത്തി നെല്ല് കിളിർക്കാൻ തുടങ്ങിയതോടെ നെല്ല് വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരായി. അങ്ങനെ സ്ഥിരം കലാപരിപാടിയിലൂടെ സ്വകാര്യമില്ലുകൾ ഈ വർഷവും നെൽ കർഷകരെ ചൂഷണം ചെയ്തു. സപ്ലൈകോയും പാഡി ഓഫീസർമാരും ഇതിന് കൂട്ടുനിന്നു.
അരിയിലും തിരിമറി
സംഭരിച്ച നെല്ല് അരിയാക്കാൻ സ്വകാര്യ മില്ലുകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഈർപ്പം, പതിര് തുടങ്ങിയവ ചൂണ്ടിക്കാട്ടി സർക്കാർ പറയുന്നതിലും കുറഞ്ഞ തൂക്കത്തിലാണ് അരി തിരിച്ചു നൽകിയിരുന്നത്. പല മില്ലുകളും ആ നെല്ല് അവരുടെ ബ്രാൻഡഡ് അരിയാക്കി മാറ്റിയ ശേഷം ഗോഡൗണിൽ സ്റ്റോക്കുള്ള ഗുണനിലവാരം കുറഞ്ഞ അരിയും തമിഴ്നാട്ടിൽ നിന്നുള്ള കോഴി തീറ്റയ്ക്കുള്ള അരിയുമായിരുന്നു മടക്കി നൽകിയിരുന്നത്. സഹകരണ സംഘങ്ങൾ നെല്ല് സംഭരിച്ച് അരിയാക്കി കൊടുക്കുന്നതോടെ ഈ തട്ടിപ്പിനും അവസാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഒന്നും നടന്നില്ല. നടത്താൻ മില്ലുടമകൾ സമ്മതിച്ചില്ല .
തൊടു ന്യായം പറഞ്ഞ് സഹ.സംഘങ്ങൾ വിട്ടുനിന്നു.
മില്ലുടമകൾ പതിവുപോലെ കർഷകരെ കൊള്ളയടിച്ചു
സപ്ലൈകോയും പാഡി ഓഫീസർമാരും കൂട്ടുനിന്നു
പതിവുപോലെ നെൽകർഷകർ നഷ്ടക്കയത്തിലായി
'നെൽകൃഷിയിൽ ഇനി പ്രതീക്ഷയില്ല. കൃഷി നിർത്തി മറ്റു പണിക്കു പോവുകയാണ് നല്ലത്. നെൽകർഷകരെ സർക്കാരും മില്ലുടമകളും ചേർന്ന് വഞ്ചിക്കുകയാണ്'.
- നാരായണൻ, നെൽകർഷകൻ