രോഗം റിപ്പോർട്ട് ചെയ്തത് ചങ്ങനാശേരി മേഖലയിൽ

ചങ്ങനാശേരി: ക്ഷീരകർഷകരിൽ ആശങ്ക സൃഷ്ടിച്ച് പശുക്കളിൽ കുളമ്പ് രോഗം വ്യാപകമാകുന്നു.ചങ്ങനാശേരി നഗരസഭാ പരിധിയിലും സമീപ പഞ്ചായത്തുകളിലുമാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം അസംപ്ഷൻ കോളേജിലെ മഠത്തിൽ കറവയുള്ള പശുക്കളിൽ രണ്ടെണ്ണം ചത്തിരുന്നു. 2019ൽ നടന്ന കുളമ്പരോഗ പ്രതിരോധ കുത്തിവെയ്പ്പിനുശേഷം 2020,21 വർഷങ്ങളിൽ കൊവിഡ് മൂലം പ്രതിരോധ കുത്തിവെയ്പ്പ് നടന്നിട്ടില്ല. ഇതാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്. ഓരോ ആറ് മാസം കൂടുമ്പോഴാണ് കുത്തിവെയ്പ്പ് നടക്കുന്നത്. നഗരസഭ പരിധിയിൽ 850 ഓളം ക്ഷീരകർഷകരുണ്ട്. കറവക്കാരിൽ നിന്നും പകരുന്ന അണുബാധയാണ് രോഗത്തിന് ഇടയാക്കുന്നതെന്നാണ് കാരണം. അതേസമയം രോഗം നിയന്ത്രണവിധേയമാണെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറഞ്ഞു. 400 പശുക്കളിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു കഴിഞ്ഞു. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ചങ്ങനാശേരി മൃഗാശുപത്രി സൂപ്രണ്ട് ഡോ.ബിജു അറിയിച്ചു.


എങ്ങനെ പ്രതിരോധിക്കാം

വൈറസ് രോഗമായതിനാൽ പ്രത്യേക ചികിത്സ ഇല്ല. പനി, മൂക്കൊലിപ്പ്, നാക്കിലും, മോണയിലും ദ്രാവകം നിറഞ്ഞ കുമിളകൾ, തീറ്റയെടുക്കാതിരിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. കാലികളുടെ കുളമ്പുകൾക്കിടയിൽ വ്രണമുണ്ടായി കുളമ്പുകൾ ഇളകിപ്പോകാൻ സാധ്യതയുണ്ട്. അകിടിലും വ്രണങ്ങൾ പ്രത്യക്ഷപ്പെടും. അകിടുവീക്കത്തിനും കാരണമാകുന്നു. പ്രതിരോധ കുത്തിവയ്പാണ് നിയന്ത്രണമാർഗം.
കാലികളെയും, തൊഴുത്തും വൃത്തിയായി സംരക്ഷിക്കുകയാണ് പ്രധാനം.

19 വർഷമായി പശുക്കളെ വളർത്തുന്നു. ഏക ഉപജീവനമാർഗമാണിത്. ആദ്യമായാണ് ഇത്തരമൊരു ദുരിതം നേരിടുന്നത്. ചെറുകിട ക്ഷീരകർഷകരെ സംരക്ഷിക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണം.

( ജയൻ ഗോവിന്ദൻ, ക്ഷീരകർഷകൻ ചങ്ങനാശേരി).