ചങ്ങനാശേരി: കോട്ടയത്തിന്റെ പാതയോരങ്ങളിൽ പച്ച നിറത്തിലുള്ള ദിൽകുഷ് മുന്തിരികളും ഇടംപിടിച്ചു. സീസൺ കാലമായിട്ടും വിൽപ്പന മോശം. കൊവിഡ് വ്യാപനവും ഉച്ചകഴിഞ്ഞ് എത്തുന്ന പേമാരിയും മുന്തരിക്കച്ചവടത്തെയും ബാധിച്ചു.
മുംബയ്, ബംഗളൂരു, കമ്പം, തേനി തുടങ്ങിയിടങ്ങളിൽ നിന്നാണ് കൂടുതലായി മുന്തിരി എത്തുന്നത്. പച്ച മുന്തിരിയിൽ കുരു ഉള്ളതിന് ഒന്നര കിലോ 100 രൂപയും കുരു ഇല്ലാത്തതിന് ഒരു കിലോ 100 രൂപയുമാണ് വില.
മുൻവർഷം കൊവിഡ് കീഴടക്കിയ വിപണി ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് പലരും കച്ചവടത്തിന് എത്തിയത്. എന്നാൽ, ഈ വർഷവും സ്ഥിതി മെച്ചമല്ലെന്നാണ് സൂചന. കൊവിഡ് മൂലം മറ്റു ജോലികൾ നഷ്ടപ്പെട്ടവരാണ് ഉപജീവനമാർഗമായി ഇത്തരം വഴിയോരക്കച്ചവടങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളത്.
കുരു ഉള്ളതിന് ഒന്നര കിലോ 100 രൂപ
കുരു ഇല്ലാത്തതിന് ഒരു കിലോ 100
'രാവിലെ കച്ചവടം ആരംഭിച്ചാലും ഉച്ചയാകുമ്പോഴേയ്ക്കും മഴയും കാറ്റും എത്തും അതോടെ അന്നത്തെ കച്ചവടം പൂട്ടിക്കെട്ടേണ്ട സ്ഥിതിയാണ്. നോമ്പ് കാലമായിട്ടും വലിയ മെച്ചമില്ല. അഞ്ച് വർഷമായി സീസൺ അനുസരിച്ചുള്ള കച്ചവടമാണ്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കൊല്ലം, കോട്ടയം തുടങ്ങിയ ഇടങ്ങളിൽ കച്ചവടത്തിനായി എത്താറുണ്ട്. '
- ജംഷീർ, ഫർസാദ്,
കോഴിക്കോട് സ്വദേശികളായ കച്ചവടക്കാർ