covid

കൊല്ലം: ജില്ലയിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായി. ഇന്നലെ പലയിടങ്ങളിലും വാക്സിനെടുക്കാനെത്തിയവർക്ക് തിരികെ പോകേണ്ടി വന്നു. പരമാവധി രണ്ട് ദിവസത്തേയ്ക്കുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്.

കഴിഞ്ഞ ദിവസമെത്തിയ 20,​000 ഡോസ് കൊവീഷീൽഡ് വാക്‌സിൻ ഉപയോഗിച്ച് ഇന്നും നാളെയും ക്യാമ്പ് നടത്താമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. ഇതിനിടിയിൽ ഡോസ് എത്തിയില്ലെങ്കിൽ വാക്സിനേഷൻ മുടങ്ങും.

ഇന്നലെ 32 കേന്ദ്രങ്ങളിലായാണ് വാക്സിനേഷൻ സംഘടിപ്പിച്ചത്. മുൻപ് 120 കേന്ദ്രങ്ങളിൽ വരെ വാക്‌സിനേഷൻ നടന്നിരുന്നു. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് ക്യാമ്പുകളുടെ എണ്ണം വെട്ടിക്കുറച്ചത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾക്ക് വളരെക്കുറച്ച് ഡോസ് മാത്രമാണ് നൽകുന്നത്. മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കൂടുതൽ സന്നദ്ധ സംഘടനകൾ ജില്ലാ മെഡിക്കൽ ഓഫീസിനെ സമീപിക്കുന്നുണ്ടെങ്കിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്നലെ എട്ടിടങ്ങളിൽ മാത്രമാണ് മെഗാ ക്യാമ്പ് നടത്തിയത്. സ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സിൻ വിതരണം നിറുത്തിവച്ചു. ഒരാഴ്ച മുൻപാണ് ഏറ്റവും ഒടുവിൽ ജില്ലയിൽ വാക്‌സിൻ നൽകിയത്. ജില്ലയിൽ കൊവാക്സിനാണ് ക്ഷാമം രൂക്ഷം. ഒന്നാം ഘട്ടത്തിൽ കൊവാക്സിൻ എടുത്തവർക്ക് രണ്ടാം ഘട്ടം വാക്സിൻ നൽകുന്നതിനും ക്ഷാമം തടസമാണ്.

 മീനടത്ത് മുടങ്ങി

ഇന്നലെ മീനടത്തെ കേന്ദ്രത്തിൽ രണ്ടാം ഘട്ടം വാക്സിനേഷന് എത്തിയ ദമ്പതികളെ വാക്സിൻ നൽകാതെ പറഞ്ഞയച്ചു. 299, 300 ടോക്കൺ നമ്പരുകളായിരുന്നു ഇവരുടേത്. വാക്സിനേഷന്റെ അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വന്നതെങ്കിലും ടോക്കൺ വിളിച്ചപ്പോൾ വാക്സിൻ തീർന്നെന്ന് അറിയിക്കുകയായിരുന്നു.

 വേണം കോവാക്സിൻ

കഴിഞ്ഞ ദിവസമത്തിയ കൊവീഷീൽഡ് മാത്രമാണ് സ്റ്റോക്കുള്ളത്. ആദ്യ ഡോസ് എടുത്ത വലിയൊരു വിഭാഗത്തിന് രണ്ടാമത്തെ ഡോസ് എടുക്കേണ്ട സമയമായി. വാക്സിനെത്തിയില്ലെങ്കിൽ സാഹചര്യം ഗുരുതരമാക്കും.

 ആദ്യ ഡോസ് സ്വീകരിച്ചവ‌ർ- 3,67,697

 രണ്ടാംഡോസ് സ്വീകരിച്ചവർ- 56,883

'' ക്യാമ്പുകൾ മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവർ മാത്രമേ വാക്സിൻ സ്വീകരിക്കാൻ ക്യാമ്പിലെത്താവൂ. രജിസ്റ്റർ ചെയ്യാതെ വാക്സിൻ ലഭിക്കില്ല''

എം.അഞ്ജന, കളക്ടർ

 വാക്സിനേഷൻ മെഗാ ക്യാമ്പുകൾ നിർത്തുന്നു

 സ്വകാര്യ ആശുപത്രികൾക്കുള്ള വിതരണം നിറുത്തി

 ജില്ലയിൽ ഏറ്റവും ക്ഷാമമുള്ളത് കൊവാക്സിന്