അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസ മേഖലയായ കള്ളക്കൂട്ടി കുടിയിലേക്കുള്ള പാലത്തിന്റെ പുനർ നിർമ്മാണം വൈകുന്നു.2018 ലെ മഹാപ്രളയകാലത്തായിരുന്നു മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ കള്ളക്കൂട്ടിയിലേക്കുള്ള പാലം പൂർണ്ണമായി ഒലിച്ച് പോയത്. പാലം തകർന്ന് രണ്ട് വർഷം പിന്നിട്ടിട്ടും പുതിയ പാലത്തിന്റെ ജോലികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പരാതി.റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പാലം പുനർ നിർമ്മിക്കുമെന്ന് ബന്ധപ്പെട്ടവർ ആവർത്തിക്കുമ്പോൾ നിർമ്മാണ ജോലികൾ എന്നാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്ന ആക്ഷേപം ഉയരുന്നു.കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലും കുതിച്ചൊഴുകുന്ന പുഴയുടെ അക്കരയിക്കരെയെത്താൻ ആദിവാസി കുടുംബങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. കാട്ടാറിന് കുറുകെ താൽക്കാലിക ഈറ്റ പാലം നിർമ്മിച്ചായിരുന്നു കുടുംബങ്ങൾ അവശ്യയാത്ര സാദ്ധ്യമാക്കിയത്.ജീവൻ കൈയ്യിൽ പിടിച്ചുള്ള ഈ യാത്ര ഏറെ അപകടം നിറഞ്ഞതാണ്. അരിയുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വാങ്ങണമെങ്കിൽ ആദിവാസി കുടുംബങ്ങൾ പുഴ മുറിച്ച് കടന്ന് പുറത്തു വന്നെ മതിയാകൂ.വരാൻ പോകുന്ന മഴക്കാലത്തും താൽക്കാലിക ഈറ്റ പാലം നിർമ്മിച്ച് യാത്ര സാദ്ധ്യമാക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കുടുംബങ്ങൾ.