medical

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗീസന്ദർശനമടക്കം നിയമങ്ങൾ കൂടുതൽ കർശനമാക്കി. കിടത്തി ചികിത്സയ്ക്ക് നിർദേശിക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ് പരിശോധന നി‌ർബന്ധമാക്കി. രോഗബാധിതരുടെ എണ്ണത്തിൽ വ‌ർദ്ധനവിനെത്തുടർന്ന് രണ്ട് വാ‌‌ർഡുകൾ കൂടി തുറന്നു. വാർഡ് ഒൻപത്, പത്ത് എന്നിവയാണ് കൊവിഡ് രോഗികൾക്കായി മാറ്റിയത്. രണ്ട് വാർഡുകളിലുമായി നൂറ്റിപ്പത്ത് രോഗികളെ പ്രവേശിപ്പിക്കാം. ഇരുന്നൂറോളം കൊവിഡ് രോഗികൾ ഇപ്പോൾ ആശുപത്രിയിലുണ്ട്.

ശ്രദ്ധിക്കുക

അത്യാഹിത വിഭാഗത്തിൽ രോഗികൾക്കൊപ്പം പരമാവധി രണ്ടു പേർക്ക് മാത്രമാണ് പ്രവേശനം.

അത്യാസന്ന നിലയിലുള്ളവരെ മാത്രം എത്തിക്കാൻ ശ്രമിക്കുക, അല്ലാത്തവർ സമീപത്തുള്ള മറ്റ് ആശുപത്രികളിൽ ചികിത്സ തേടണം.

മറ്റ് ആശുപത്രികളിൽ നിന്നെത്തുന്ന രോഗികൾ, പ്രാഥമിക ചികിത്സ തേടിയ ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സ നി‌ർദ്ദേശിക്കുന്ന കത്ത് കരുതണം.

ഗുരുതരമല്ലാത്ത രോഗികൾക്ക് അത്യാഹിത വിഭാഗത്തിൽ പ്രാഥമിക ചികിത്സ നൽകി സ്വദേശത്തെ ആശുപത്രിയിലേക്ക് അയയ്ക്കും.

നിലവിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് അടിയന്തര സാഹചര്യം പരിഗണിച്ച് കൊവിഡ് പരിശോധന ഇല്ല.

അത്യാഹിത വിഭാഗത്തിൽ നിന്ന് കിടത്തിചികിത്സ നിർദേശിച്ചാൽ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. വാർഡിൽ രോഗിക്കൊപ്പം ഒന്നിലധികം ആളുകളുണ്ടെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും.

രോഗിയെ പ്രവേശിപ്പിക്കുമ്പോൾ കൂടെയുള്ള കൂട്ടിരിപ്പുകാർ തന്നെ വേണം ഡിസ്‌ചാർജ് സമയം വരെ ഉണ്ടാവേണ്ടത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് മാത്രമേ ഇടയ്ക്ക് മാറ്റം അനുവദിക്കൂ. ഇരുവരും കൊവിഡ് പരിശോധന നടത്തണം. മുൻകൂട്ടി നിശ്ചയിച്ച കിടത്തി ചികിത്സക്കെത്തിയാൽ കൊവിഡ് പരിശോധനാഫലം കൊണ്ടുവരണം.

രോഗീസന്ദ‌ർശനം നിരോധിച്ചു

കോട്ടയം മെഡിക്കൽകോളേജിലെ രോഗീസന്ദ‌ർശനം നിരോധിച്ചു. സന്ദർശനസമയവും സന്ദർശന പാസും ഇല്ല.

ഒ.പി. ചികിത്സയ്ക്ക് എത്തുന്നവർ അതത് പ്രദേശത്ത് ആശുപത്രിയിൽ നിന്നുള്ള കത്തുമായി വരണം. കൂടുതൽ പേർ ഒന്നിച്ചെത്തുന്ന ഒ.പി. സന്ദർശനം പരമാവധി ഒഴിവാക്കുക. കൂടെ ഒരാൾ മാത്രം മതി.

ശസ്ത്രക്രിയകൾക്ക് നിയന്ത്രണം

അത്യാഹിത വിഭാഗത്തിലെയും ട്രോമോകെയറിനെയും ശസ്ത്രക്രിയകൾ തടസ്സമില്ലാതെ നടക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളിൽ അടിയന്തര സ്വഭാവമുള്ളത് മാത്രം നടത്തും. ബാക്കിയുള്ളവ ഒഴിവാക്കുകയോ നീട്ടിവെക്കുകയോ ചെയ്യും. രോഗിക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ് പരിശോധന ഉറപ്പാക്കും.

ആശുപത്രി പരിസരത്തെ ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാനാകില്ല. പാഴ്സൽ മാത്രം. കുടുംബശ്രീ സ്ഥാപനങ്ങൾക്കും ഇത് ബാധകം. ആശുപത്രിയിലും പരിസരത്തും അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടിയാൽ നടപടിയെടുക്കും. ആശുപത്രി പരിസരത്ത് മതിയായ കാരണമില്ലാത്തവരെ പ്രവേശിപ്പിക്കില്ല. ഇത്തരക്കാരെ കണ്ടെത്താൻ പൊലീസ് പരിശോധന ഏർപ്പെടുത്തും.