vacine

കോട്ടയം : രാത്രി കർഫ്യു അടക്കം ഏർപ്പെടുത്തി കൊവിഡിനെ പിടിച്ചുകെട്ടാൻ സർക്കാർ ശ്രമിക്കുന്നതിനിടെ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് ബേക്കർ സ്കൂളിലെ വാക്സിനേഷൻ ക്യാമ്പിൽ കൂട്ടയിടി. തുടർച്ചയായ രണ്ടാംദിവസമാണ് ഇവിടെ നൂറുകണക്കിന് പേർ കൂട്ടത്തോടെ എത്തിയത്. ടോക്കൺ നൽകുന്നതിലെ അവ്യക്തതയാണ് തിരക്കിലേക്ക് നയിച്ചത്. സാമൂഹിക അകലം പോലും പാലിക്കാതെ ആളുകൾ തടിച്ചു കൂടിയതോടെ പൊലീസ് എത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ പ്രധാന വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഒന്നാണിത്. രണ്ടാം ഡോസ് വിതരണം ആരംഭിച്ചതോടെയാണ് ഇവിടെ തിരക്കേറിയത്. വാക്‌സിൻക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയെന്ന വാർത്ത പടർന്നതോടെ സാധാരണക്കാർ കൂട്ടത്തോടെ വാക്‌സിനെടുക്കാനെത്തി. കൂടാതെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതും വാക്സിൻ എടുക്കാനാളുകളെ പ്രേരിപ്പിച്ചു. മുൻഗണനാക്രമം പരിഗണിക്കാതെ ടോക്കൺ വിതരണം ചെയ്തതെന്ന് ആരോപിച്ച് പൊലീസും നാട്ടുകാരും തമ്മിൽ ഇതിനിടയിൽ വാക്കേറ്റമുണ്ടായി. ആദ്യഘട്ടത്തിൽ ഏതാനും പൊലീസുകാരാണ് ഉണ്ടായിരുന്നത്. കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രശ്നങ്ങൾക്ക് അയവ് വരുത്തി.

ആരോഗ്യവകുപ്പിന്റേത് ഗുരുതര വീഴ്ച

രണ്ടാംഡോസ് വാക്സിനെടുക്കാനെത്തിയവർക്ക് വാക്‌സിൻ നൽകുന്നതിന് കൃത്യമായ ക്രമീകരണം ഒരുക്കാൻ ആരോഗ്യവകുപ്പിന് കഴിയാത്തതാണ് തിരക്ക് വർദ്ധിക്കാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. ആയിരം ഡോസ് വാക്സിൻ മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്. ഇതിന് ആനുപാതികമായി ആളുകളെ പങ്കെടുപ്പിക്കുന്നതിൽ ആരോഗ്യവകുപ്പിന് ഗുരുതരവീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.

വഴി അമ്പലത്തിൽ പൊതി അഴിച്ചതുപോലെ : തിരുവഞ്ചൂർ

ബേക്കർ സ്കൂളിൽ കൊവിഡ് വാക്സിനേഷൻ വിതരണം അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മ കാരണം

വഴിഅമ്പലത്തിൽ പൊതി അഴിച്ചതുപോലായെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിഹസിച്ചു. ടോക്കൺവിതരണത്തിൽ പോലും ജാഗ്രത കുറവുണ്ടായത് അധികൃതരുടെ കഴിവ് കേടാണ്.

ടീം വർക്ക് വേണം : വാസവൻ

കൊവിഡ് നിയന്ത്രണ നടപടികളിലും വാക്സിൻ വിതരണത്തിലുമൊക്കെ ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ടീം വർക്ക് വേണമെന്ന് മുൻ എം.എൽഎ വി.എൻ.വാസവൻ പറഞ്ഞു. ബേക്കർ എൽ.പി സ്കൂളിൽ മാത്രമാണ് തുടർച്ചയായി പ്രശ്നമുണ്ടായത്. കുറ്റപ്പെടുത്തൽ മാത്രം നടത്താതെ ജനപ്രതിനിധികളാണ് ഇതിനൊക്കെ മുൻകൈ എടുക്കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നം

ആദ്യഡോസ് വാക്സിൻ സ്വീകരിക്കുന്നവരും രണ്ടാംഡോസുകാരും ഒന്നിച്ചെത്തി, ഓൺലൈനിൽ രജിസ്റ്റർ ചെയ്യാത്തവരും വന്നു

ക്യൂവിൽ നിന്നവർക്ക് ടോക്കൺ കൊടുക്കാതെ കൂട്ടം കൂടി നിന്നവർക്ക് കൊടുത്തു

പരിഹാരം

ടോക്കൺ തലേദിവസം വിതരണം ചെയ്ത് ആൾക്കൂട്ടം നിയന്ത്രിക്കണം

ഗേറ്റിന് മുന്നിൽ ടോക്കൺ വിതരണം ചെയ്ത് പ്രവേശനം നിയന്ത്രിക്കണം

വെർച്വൽ ക്യൂ സംവിധാനം ആലോചിക്കാമായിരുന്നു

സീനിയർസിറ്റിസൺ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന

ഒന്നും രണ്ടും വാക്സിൻകാർക്ക് പ്രത്യേക കവാടം ഒരുക്കണം