election

 7 സീറ്റ് വരെ ഉറപ്പെന്ന് ഇടത്
5 ഉറപ്പെന്ന് കോൺഗ്രസ്

കോട്ടയം : വോട്ടെണ്ണലിന് ഇനി പത്തു ദിവസം മാത്രം. അവസാനവട്ട വിലയിരുത്തലിലും തങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന അമിതപ്രതീക്ഷയിലാണ് എൽ.ഡി.എഫും, യു.ഡി.എഫും. ഒമ്പത് സീറ്റിൽ ഏഴു സീറ്റുവരെ ലഭിക്കുമെന്ന് ഇടതുമുന്നണി ആദ്യഘട്ടത്തിൽ അവകാശപ്പെട്ടിരുന്നപ്പോൾ, എട്ട് സീറ്റെന്നായിരുന്നു യു.ഡി.എഫ് അവകാശ വാദം. അവസാനഘട്ടമെത്തുമ്പോഴും ഇടതുമുന്നണി വിജയ പ്രതീക്ഷയിൽ മാറ്റം വരുത്തിയിട്ടില്ല. യു.ഡി.എഫ് എട്ടിൽ നിന്ന് അഞ്ചു സീറ്റിലേക്ക് താഴ്ന്നു. ഡി.സി.സി കെ.പി.സി.സിയ്ക്ക് നൽകിയ കണക്കിൽ പുതുപ്പള്ളി,കോട്ടയം,പാലാ, കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകൾ ഉറപ്പായും ലഭിക്കുമെന്നും തരംഗ സ്വഭാവമുണ്ടായാൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ കൂടി ലഭിക്കുമെന്നാണ് ബൂത്തുതലത്തിലെ അവസാന വിലയിരുത്തൽ. പുതുപ്പള്ളിയും, കോട്ടയവുമൊഴിച്ച് ഏഴുസീറ്റു വരെ ലഭിക്കാമെന്നാണ് ഇടത് കണക്കു കൂട്ടൽ.

അഞ്ചിലും പ്രവചനാതീതം

യു.ഡി.എഫിന് കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളും ഇടതിന് വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളും ഉറപ്പിക്കാമെന്നാണ് പൊതുവിലയിരുത്തൽ. പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ ഇടതിനും, കടുത്തുരുത്തി , ചങ്ങനാശേരി മണ്ഡലങ്ങൾ യു.ഡി.എഫിനും ലഭിക്കാം. ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ ബി.ജെ.പി വോട്ടുകൾ കൂടുതൽ വീണാൽ പി.സി.ജോർജ് ജയിക്കാം. അല്ലെങ്കിൽ ഇടതിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കലിനാകും വിജയം. പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്നാണ് അവസാനവട്ട പ്രചാരണം തെളിയിച്ചത്. കാഞ്ഞിരപ്പള്ളി സീറ്റ് കിട്ടുമെന്ന് പറഞ്ഞിരുന്ന ബി.ജ.പി നേതാക്കൾ ഇപ്പോൾ അവകാശവാദം നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

പാലായെ ചൊല്ലി കൺഫ്യൂഷൻ

ജോസ് കെ മാണിയും മാണി സി കാപ്പനും ഏറ്റുമുട്ടിയ പാലായിൽ ഉറപ്പായും കാപ്പൻ ജയിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അമിതമായി വിശ്വസിക്കുന്നു. അട്ടിമറി ജയം നേടിയിട്ടും സ്ഥാനാർത്ഥിത്വം നിഷേധിച്ചത് ഇടത് വോട്ടുകൾ പോലും കാപ്പന് അനുകൂലമായെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ചിട്ടയായ പ്രചാരണം വോട്ടാകുമെന്നും യു.ഡി.എഫിലേക്ക് പോയ കാപ്പന് അനുകൂലമായ സഹതാപ തരംഗം ഉണ്ടാകില്ലെന്നും വൻ ഭൂരിപക്ഷത്തിൽ ജോസ് വിജയിക്കുമെന്നുമാണ് ഇടത് വിലയിരുത്തൽ.