വില മൂന്നക്കത്തിലേക്ക് കൂപ്പുകുത്തി
ഉത്പ്പന്നം വിറ്റഴിക്കാൻ കർഷകരുടെ നെട്ടോട്ടം


കട്ടപ്പന: കൊവിഡ് രണ്ടാം തരംഗത്തിൽ ആഭ്യന്തര വിപണി തകർന്നതോടെ ഏലയ്ക്ക വില കുത്തനെ ഇടിഞ്ഞു. കമ്പോളങ്ങളിൽ വില മൂന്നക്കത്തിലേക്ക് താഴ്ന്നു. കിലോഗ്രാമിന് 850 മുതൽ 1000 രൂപയ്ക്കാണ് കഴിഞ്ഞദിവസങ്ങളിൽ വിൽപ്പന നടന്നത്. വിപണികൾ തകർന്നതോടെ വിലയിടിവ് തുടരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് കർഷകർ കൈവശമുള്ള ഉത്പ്പന്നം വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലാണ്. മുൻവർഷങ്ങളിൽ ഓഫ് സീസണിൽ ഉണ്ടാകാറുള്ള വിലക്കയറ്റത്തിലെ ഇന്ദ്രജാലം പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് ഇത്തവണ നിരാശ മാത്രമായി.
ഇന്നലെ ബോഡിനായ്ക്കന്നൂരിൽ നടന്ന എസ്.ഐ.ജി.സി.സിയുടെ ആദ്യ ലേലത്തിൽ 281 ലോട്ടുകളിലായി പതിഞ്ഞ 87,032 കിലോഗ്രാം ഏലയ്ക്കയിൽ 63,524 കിലോയും വിറ്റുപോയി. ഉയർന്ന വില 2177 രൂപയും ശരാശരി 1053.7 രൂപയുമാണ്. ഉച്ചകഴിഞ്ഞ് നടന്ന ഗ്രീൻഹൗസ് കാർഡമം മാർക്കറ്റിംഗിന്റെ ലേലത്തിൽ ഒരുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശരാശരി വില രേഖപ്പെടുത്തി. 1041.09 രൂപ. 216 ലോട്ടുകളിലായി പതിഞ്ഞ 39,139 കിലോയിൽ 35,259 കിലോ വിറ്റുപോയി. 1770 രൂപയാണ് ഉയർന്ന വില.
സ്‌പൈസസ് ബോർഡിന്റെ രണ്ട് ഇ- ലേലങ്ങളിലായി പ്രതിദിനം ഒന്നേകാൽ ലക്ഷത്തോളം കിലോഗ്രാം ഏലയ്ക്കയാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ജൂൺ ജൂലായ് മാസങ്ങളിൽ അടുത്ത ഏലയ്ക്ക സീസൺ ആരംഭിക്കുന്നതിനാൽ കർഷകർ മുഴുവൻ ഉത്പ്പന്നവും വിറ്റഴിക്കുകയാണ്. ലോക്ക് ഡൗണിൽ ഉൾപ്പെടെ രണ്ട് സീസണുകളിലായി വിളവെടുത്ത ഏലയ്ക്ക വൻതോതിൽ കർഷകരും വ്യാപാരികളും സംഭരിച്ചിരുന്നു. മുൻവർഷങ്ങളിലേതുപോലെ വില ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് ഇപ്പോഴത്തെ തകർച്ച ഇരുട്ടടിയാണ് സമ്മാനിച്ചത്. കഴിഞ്ഞ സീസൺ അവസാനിക്കാറായപ്പോൾ ഡിസംബർ പകുതിയോടെ വില 2000ലെത്തിയിരുന്നു. എന്നാൽ 4 മാസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. 2019 വരെ ഏലക്കയുടെ വലിയ സീസൺ അവസാനിക്കുമ്പോൾ ഫെബ്രുവരിയോടെ വിലയിൽ മുന്നേറ്റമുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇടവിട്ടുള്ള മഴ ലഭിച്ചതോടെ ഉത്പ്പാദനം വർദ്ധിച്ചു. ഇതും വിലയിടിവിന് കാരണമായി. വൻതോതിൽ ഏലയ്ക്ക സംഭരിച്ച വ്യാപാരികൾക്കും കനത്ത തിരിച്ചടിയായി. പുതിയ സീസൺ ആരംഭിക്കുന്നതോടെ വില വീണ്ടം കുറയുമെന്ന ആശങ്കയിലാണ് കർഷകരും വ്യാപാരികളും.


ഇന്ദ്രജാലം അവസാനിച്ചു?

2019 ഏലയ്ക്കായുടെ സുവർണ കാലഘട്ടമായിരുന്നു. മേയ്, ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ അഭൂതപൂർവമായ വിലക്കയറ്റമാണ് ഉണ്ടായത്. സ്‌പൈസസ് ബോർഡിന്റെ ഇ ലേലങ്ങളിൽ ഓരോ ദിവസവും വിലയിലെ റെക്കോർഡുകൾ മാറിമറിഞ്ഞു. ഓഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിൽ ഉയർന്ന വിലയിലെ സർവകാല റെക്കോർഡായ 7000 രൂപയും ശരാശരി വില 4733 രൂപയും രേഖപ്പെടുത്തി. തുടർന്നുള്ള സീസണിൽ ഉൽപാദനം വൻതോതിൽ വർദ്ധിക്കുകയും വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തതോടെ 2500 രൂപയിലേക്കു താഴ്ന്നു. നവംബർ അവസാനത്തോടെ വീണ്ടും വില ഉയർന്നുതുടങ്ങി. ഡിസംബർ പകുതിയോടെ വീണ്ടും ശരാശരി വില 3000 കടന്നു. 2020 ജനുവരി നാലിന് നടന്ന ലേലത്തിൽ ഉയർന്ന വിലയിലെ റെക്കോർഡ് തുകയായ 7000 രൂപ വീണ്ടും രേഖപ്പെടുത്തി. ശരാശരി വില 4000ഉം കടന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 19ന് ലേലം നിർത്തിയപ്പോൾ 2300 രൂപയായിരുന്നു. രണ്ടുമാസത്തിന് ശേഷം ലേലം പുനരാരംഭിച്ചെങ്കിലും കയറ്റുമതി നിലച്ചതോടെ മുൻ വർഷങ്ങളിലേതുപോലെയുള്ള അത്ഭുതം ഉണ്ടായില്ല.