liquir

പൊലീസ് പട്രോളിംഗ് വേണമെന്നാവശ്യം

അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിൽ ആളൊഴിഞ്ഞ പല ഇടവഴികളും മദ്യപ സംഘം കൈയ്യടക്കുന്നു. റേഷൻകട സിറ്റി ആറാംമൈൽ റോഡാരംഭിക്കുന്ന ബൈസൺവാലികുന്ന് ഭാഗത്ത് പട്ടാപകൽ പോലും മദ്യപ സംഘം അഴിഞ്ഞാട്ടം നടത്തുകയാണ്. നേരമിരുളുന്നതോടെ ആളൊഴിഞ്ഞ ഈ ഭാഗത്ത് വാഹനങ്ങൾ നിർത്തി സംഘം ചേർന്ന് മദ്യപിക്കുന്നത് നിത്യസംഭവമാണ്.ഇത് വഴി സഞ്ചരിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാൽനടയാത്രികർക്കിത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.മാങ്കുളത്തെ പൊലീസ് ഔട്ട് പോസ്റ്റിന്റെ അര കിലോ മീറ്റർ ചുറ്റളവിനുള്ളിലാണ് പരാതിക്കിടവരുത്തിയിട്ടുള്ള സംഭവം നടക്കുന്നത്.പഞ്ചായത്ത് പരിധിയിലെ തന്നെ മറ്റൊരു ഇടവഴിയായ താളുങ്കണ്ടം പാലത്തിന്റെ ഭാഗത്തും സമാനരീതിയിൽ മദ്യപ സംഘത്തിന്റെ പിടിയിലമർന്നതായി പരാതി ഉയരുന്നുണ്ട്.പ്രശ്‌നപരിഹാരത്തിനായി മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉയരുന്നു. മാങ്കുളം ടൗണിനു പുറമെ റേഷൻകട സിറ്റി ആറാംമൈൽ റോഡുൾപ്പെടെയുള്ള ഇടവഴികളിലൂടെയും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.