കട്ടപ്പന: കൊവിഡ് രണ്ടാംതരംഗത്തിൽ തകർന്നടിഞ്ഞ് സ്വകാര്യ ബസ് മേഖല. കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ സർവീസുകൾ അവസാനിപ്പിക്കേണ്ട സ്ഥിതിയാണ് ഉടമകൾക്ക്. ബസുകളിൽ നിന്നുള്ള യാത്ര സർക്കാർ വിലക്കിയതോടെ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. സീറ്റുകളിൽ യാത്രക്കാരുടെ പരിധി അവസാനിക്കുന്നതോടെ പല സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാരെ കയറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ഹ്രസ്വദൂര സർവീസുകളെയാണ് നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. വരുമാനം കുത്തനെ കുറഞ്ഞതോടെ പലദിവസങ്ങളിലും ഇന്ധനച്ചെലവിനുള്ള തുക പോലും ലഭിക്കുന്നില്ല. ജീവനക്കാർക്ക് ശമ്പളം നൽകാൻ കടം വാങ്ങേണ്ട ഗതികേടാണെന്ന് ഉടമകൾ പറയുന്നു. ലോക്ക് ഡൗണിന് ശേഷം ശുഭപ്രതീക്ഷയിൽ സ്വകാര്യ ബസുകൾ നിരത്തിലിറക്കിയ ഉടമകൾക്ക് നിലവിലെ സാഹചര്യത്തിൽ സർക്കാർ സഹായമില്ലാതെ പിടിച്ചുനിൽക്കാനാകില്ല.