ചിറക്കടവ്: 40 കിടക്കകളുമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് കൊവിഡ് ചികിത്സാകേന്ദ്രമൊരുക്കുന്നു. മണ്ണംപ്ലാവിലെ പകൽവീട്ടിലാണ് ചികിത്സാകേന്ദ്രം തുടങ്ങുന്നത്. നേരത്തെ പൊൻകുന്നം ഗവ.ഹൈസ്‌കൂളിൽ കൊവിഡ് കേന്ദ്രത്തിനായി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. കിടക്കകൾ സജ്ജീകരിച്ചെങ്കിലും കേന്ദ്രം തുടങ്ങിയില്ല. പഞ്ചായത്തിൽ മൂന്നുവാർഡുകൾ വീതമുള്ള ക്ലസ്റ്ററുകൾക്കായി മെഗാ കൊവിഡ് പരിശോധന ക്യാമ്പ് നടത്തുന്നത് സംബന്ധിച്ച് അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കും. കൊവിഡ് പോസിറ്റീവായവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യമൊരുക്കും. ചിറക്കടവ് പഞ്ചായത്തിൽ വാക്‌സിനേഷൻ ക്യാമ്പ് നടത്താൻ ആലോചിച്ചെങ്കിലും മരുന്ന് ലഭ്യമല്ലാത്തതിനാൽ നടപ്പായില്ല. നിലവിൽ ജനറൽ ആശുപത്രിയിൽ മാത്രമാണ് പ്രദേശത്തെ ജനങ്ങൾക്ക് സൗജന്യമായി വാക്‌സിനേഷന് സൗകര്യമുള്ളത്. അവിടെ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെത്തുന്നതിനാൽ തിരക്കേറെയാണ്.